കാസര്‍കോട്: സ്വന്തം ഇല്ലത്തില്‍പെട്ട യുവതിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിനെ അച്ഛന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് വിലക്കിയതായി പരാതി. കാഞ്ഞങ്ങാട് കടപ്പുറം സ്വദേശി പ്രിയേഷിനാണ് ഈ ദുരനുഭവമുണ്ടായത്. ക്ഷേത്രാധികാരികളാണ് പ്രിയേഷിനെ വിലക്കിയത്.
ആചാനൂര് കുറുമ്പ ക്ഷേത്ര സ്ഥാനികന് ബാലന് കൂട്ടിയിക്കാരന്റെ മകനാണ് പ്രിയേഷ്. ബാലന്റെ മരണാനന്തര ചടങ്ങുകളില്‍ നിന്നാണ് മകനെ സമുദായ അധികാരികള്‍ മാറ്റിനിര്‍ത്തിയത്. ഇതോടെ തറവാട്ടുവളപ്പില്‍ നടന്ന സംസ്കാര ചടങ്ങില്‍ പ്രിയേഷിന് പകരം ബാലന്റെ സഹോദര പുത്രനാണ് ചടങ്ങുകള്‍ നിര്‍വഹിച്ചത്.
അതേസമയം, സമുദായ തീരുമാനപ്രകാരമാണ് പ്രിയേഷിനെ ചടങ്ങുകളില്‍നിന്ന് മാറ്റിനിര്‍ത്തിയതെന്നും വര്‍ഷങ്ങളായുള്ള ആചാരത്തിന്റെ ഭാഗമായാണ് പ്രിയേഷിനെ മാറ്റിനിര്‍ത്തിയതെന്നും ഇക്കാര്യത്തില്‍ വ്യക്തിപരമായ തീരുമാനം ഉണ്ടായിട്ടില്ലെന്നും അചാനൂര് കുറുമ്പ ഭഗവതി ക്ഷേത്ര സ്ഥാനികന് കണ്ണന് കാരണോരച്ഛന് പറഞ്ഞു.
ഇഷ്ടപ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ സമുദായ അധികാരികളില്‍ നിന്നും മകന് നേരിടേണ്ടി വന്നത് പൊറുക്കാനാകാത്ത ക്രൂരതയാണെന്ന് പ്രിയേഷിന്റെ അമ്മ പറഞ്ഞു. സംഭവത്തില്‍ പ്രിയേഷ് കാഞ്ഞങ്ങാട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.