‘സംവിധായകന്‍ ‘കട്ട്’ പറഞ്ഞിട്ടും കങ്കണ ചുംബിക്കുന്നത് നിര്‍ത്തിയില്ല; നടന്‍ വീര്‍ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ച് ചോര വരുത്തി’ കങ്കണക്ക് എതിരെ വെളിപ്പെടുത്തൽ

മുംബൈ: വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ 'റിവോള്‍വര്‍ റാണി' എന്ന ബോളിവുഡ് ചിത്രത്തിലെ ഒരു ചുംബനരംഗത്തെച്ചൊല്ലി നടി കങ്കണ റണൗട്ടും നടന്‍ വീര്‍ ദാസും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സിദ്ധാര്‍ത്ഥ് കണ്ണന്റെ പോഡ്കാസ്റ്റില്‍ മാധ്യമപ്രവര്‍ത്തക സിമി ചന്ദോക്കെ നടത്തിയ ഒരു വെളിപ്പെടുത്തലാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലെ ഒരു ചുംബന രംഗത്തില്‍ സംവിധായകന്‍ 'കട്ട്' പറഞ്ഞിട്ടും കങ്കണ ചുംബിക്കുന്നത് നിര്‍ത്തിയില്ലെന്നും, ഒടുവില്‍ നടന്‍ വീര്‍ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ച് ചോര വരുത്തിയെന്നുമായിരുന്നു സിമിയുടെ ആരോപണം. ഈ സംഭവം വീര്‍ ദാസിനെ വലിയ തോതില്‍ ട്രോമയിലാക്കിയെന്നും സിമി അവകാശപ്പെട്ടു. ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ പ്രചരിച്ചതോടെയാണ് ഇരുതാരങ്ങളും മറുപടിയുമായി രംഗത്തെത്തിയത്.

പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണ്ണമായും വ്യാജമാണെന്ന് വ്യക്തമാക്കി നടന്‍ വീര്‍ ദാസാണ് ആദ്യം രംഗത്തെത്തിയത്. സിമി പറഞ്ഞത് വെറും കെട്ടുകഥയാണെന്ന് പറഞ്ഞ വീര്‍ ദാസ്, കങ്കണ സെറ്റില്‍ പൂര്‍ണ്ണമായും പ്രൊഫഷണല്‍ ആയിരുന്നുവെന്ന് 'എക്‌സി'ലൂടെ (X) വ്യക്തമാക്കി. അവര്‍ കഴിവുള്ള ഒരു കലാകാരിയാണെന്ന് താന്‍ ഇപ്പോഴും വിശ്വസിക്കുന്നുവെന്നും അവര്‍ക്കെതിരെയുള്ള ഈ അപവാദ പ്രചാരണം തികച്ചും തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍പ് തന്റെ കോമഡിയുടെ പേരില്‍ കങ്കണ തന്നെ ഭീകരവാദി എന്ന് വിളിച്ചിട്ടുണ്ടാകാം, എന്നാല്‍ സെറ്റില്‍ തങ്ങള്‍ക്കിടയില്‍ യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ലെന്നും വീര്‍ ദാസ് കുറിച്ചു. വിഷയത്തില്‍ വീര്‍ എന്തുകൊണ്ട് മറുപടി പറയുന്നില്ല എന്ന ചോദ്യങ്ങള്‍ക്ക് സിമിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു നടന്റെ ഈ പ്രതികരണം.

വീര്‍ ദാസിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് കങ്കണ റണൗട്ടും സിമി ചന്ദോക്കെക്കെതിരെ കടുത്ത പരിഹാസവുമായി രംഗത്തെത്തി. തങ്ങള്‍ക്ക് പിന്തുണ നല്‍കിയതിന് വീര്‍ ദാസിന് നന്ദി പറഞ്ഞ കങ്കണ, ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകയെ 'വിചിത്ര ജീവി' എന്നാണ് വിശേഷിപ്പിച്ചത്. ഏതോ ഒരു വിചിത്ര ജീവി അവരുടെ പൈശാചികമായ ലൈംഗിക ഫാന്റസികള്‍ക്ക് വേണ്ടി തങ്ങളുടെ പേരുകള്‍ ഉപയോഗിക്കുകയാണെന്ന് കങ്കണ കുറ്റപ്പെടുത്തി. താന്‍ വീര്‍ ദാസിന്റെ ചോര കുടിച്ചെന്നും ഒരു പതിറ്റാണ്ടിന് ശേഷവും ആ ട്രോമയില്‍ അദ്ദേഹം കരയുന്നു എന്നൊക്കെ പറയുന്നത് എത്ര വിചിത്രമാണെന്ന് പൊട്ടിച്ചിരിക്കുന്ന ഇമോജിക്കൊപ്പം കങ്കണ കുറിച്ചു. മുന്‍പ് 2023-ലും ഇത്തരത്തില്‍ ചുംബന വിവാദം ഉയര്‍ന്നപ്പോള്‍, ഹൃത്വിക് റോഷന് ശേഷം താന്‍ പാവം വീര്‍ ദാസിന്റെ മാന്യതയും കളഞ്ഞോ എന്ന് കങ്കണ പരിഹസിച്ചിരുന്നു.

സായ് കബീര്‍ സംവിധാനം ചെയ്ത് 2014 ഏപ്രിലില്‍ പുറത്തിറങ്ങിയ ചിത്രമാണ് 'റിവോള്‍വര്‍ റാണി'. നിലവില്‍ ബിജെപി എംപി കൂടിയായ കങ്കണ റണൗത്തും വീര്‍ ദാസുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പീയൂഷ് മിശ്ര, സക്കീര്‍ ഹുസൈന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയ ഈ ചിത്രം റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാകുന്നത്. 2021-ല്‍ വീര്‍ ദാസ് അവതരിപ്പിച്ച 'ഐ കം ഫ്രം ടു ഇന്‍ഡ്യാസ്' എന്ന കോമഡി ഷോയില്‍ സ്ത്രീ സുരക്ഷ, കര്‍ഷക സമരം തുടങ്ങിയ വിഷയങ്ങള്‍ പരാമര്‍ശിച്ചതിനെതിരെ കങ്കണ ശക്തമായി രംഗത്തുവന്നിരുന്നു. അന്ന് ഇന്‍സ്റ്റാഗ്രാമിലൂടെ വീര്‍ ദാസിനെ 'ക്രിമിനല്‍' എന്നും അദ്ദേഹത്തിന്റെ കോമഡിയെ 'സോഫ്റ്റ് ടെററിസം' എന്നുമാണ് കങ്കണ വിശേഷിപ്പിച്ചത്. പഴയ രാഷ്ട്രീയ-അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും, വ്യാജ പ്രചാരണത്തിനെതിരെ കങ്കണയ്ക്ക് പിന്തുണയുമായി വീര്‍ ദാസ് എത്തിയതും അതിന് കങ്കണ നന്ദി പറഞ്ഞതുമാണ് ഇപ്പോള്‍ ബോളിവുഡിലെ പുതിയ ചര്‍ച്ചാവിഷയം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News