തിരുവനന്തപുരം: വിവാദങ്ങള്‍ക്കും രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കും വഴിമാറിയ കേന്ദ്രാവിഷ്‌കൃത വിദ്യാലയ വികസന പദ്ധതിയായ 'പിഎം ശ്രീ' കരാറില്‍ നിന്ന് കേരളത്തിന് ഇനി പിന്മാറാന്‍ സാധിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍ നിയമസഭയെ അറിയിച്ചു.
നിലവിലെ നിയമപ്രകാരം ഈ ഉഭയകക്ഷി കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ കേന്ദ്രസര്‍ക്കാരിന് മാത്രമേ അവകാശമുള്ളൂ. രാഷ്ട്രീയമായി എത്രതന്നെ വിയോജിപ്പുകളുണ്ടെങ്കിലും പദ്ധതിയില്‍ നിന്ന് കേരളം ഇപ്പോള്‍ പിന്മാറിയാല്‍ വിവിധ ഇനങ്ങളിലായി രണ്ടായിരം കോടി രൂപയോളം സംസ്ഥാനത്തിന് നഷ്ടമാകുന്ന അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് നിലവിലുള്ളതെന്നും മന്ത്രി സഭയെ ധരിപ്പിച്ചു. ചോദ്യോത്തര വേളയില്‍ പ്രവീണ്‍കുമാര്‍ എംഎല്‍എ ഉന്നയിച്ച നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിന്റെ ഏകപക്ഷീയമായ നിബന്ധനകളുള്ള ഈ പദ്ധതി പ്രകാരം സംസ്ഥാനത്തെ 152 ബ്ലോക്കുകളിലായി തിരഞ്ഞെടുക്കപ്പെട്ട 304 സ്‌കൂളുകള്‍ക്ക് ഒരു കോടി രൂപ വീതം മൂന്ന് വര്‍ഷത്തേക്കാണ് വികസന ഫണ്ടായി ലഭിക്കുക. ഇതുവഴി തൊള്ളായിരം കോടിയില്പരം രൂപയാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാനത്തിന് കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ടത്. എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാല്‍ പദ്ധതിയില്‍ നിന്ന് പൂര്‍ണ്ണമായി പിന്മാറിയാല്‍ ഈ വന്‍ തുക ലഭിക്കില്ലെന്ന് മാത്രമല്ല, ഇതിന്റെ പേരില്‍ രാഷ്ട്രീയ വൈരാഗ്യം വെച്ച് അന്യായമായി മറ്റ് പ്രധാന കേന്ദ്രഫണ്ടുകള്‍ കൂടി കേന്ദ്ര ധനമന്ത്രാലയം തടഞ്ഞുവെക്കാന്‍ വലിയ സാധ്യതയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കേന്ദ്രസര്‍ക്കാര്‍ മുന്‍കാലങ്ങളിലും ഇത്തരത്തില്‍ രാഷ്ട്രീയ കാരണങ്ങളാല്‍ കേരളത്തിനുള്ള അര്‍ഹമായ ഫണ്ടുകള്‍ തടഞ്ഞുവെച്ചിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ പദ്ധതിയില്‍ ഒപ്പിടാന്‍ ഒടുവില്‍ നിര്‍ബന്ധിതമായതുതന്നെ ഇത്തരത്തില്‍ സംസ്ഥാനത്തിന് വരാനുള്ള മറ്റ് കേന്ദ്ര ഫണ്ടുകള്‍ പൂര്‍ണ്ണമായി തടയപ്പെടുമെന്ന ഭീഷണി നിലനിന്നിരുന്നതുകൊണ്ടാണ്. കേരളം ഇപ്പോള്‍ ഈ കരാര്‍ ലംഘിച്ച് പിന്മാറിയാല്‍ സമഗ്ര ശിക്ഷാ കേരളത്തിന് (ടടഗ) കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുള്ള 1150 കോടി രൂപയുടെ ഗ്രാന്റും പാടേ കിട്ടാതെ പോകും. അങ്ങനെ വരുമ്പോള്‍ വെറുമൊരു ശാഠ്യത്തിന്റെ പേരില്‍ രണ്ടായിരം കോടിയോളം രൂപയാണ് സംസ്ഥാന ഖജനാവിന് നഷ്ടമാകുന്നതെന്ന് മന്ത്രി എന്‍. ഷംസുദ്ദീന്‍ കണക്കുകള്‍ നിരത്തി വിശദീകരിച്ചു.
കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ കാലത്ത് പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള മുന്‍കൂര്‍ ചര്‍ച്ചകളോ മുന്നൊരുക്കങ്ങളോ നടത്തിയതായി വകുപ്പിലെ നിലവിലെ രേഖകളില്‍ കാണുന്നില്ലെന്നും മന്ത്രി വിമര്‍ശിച്ചു. മുന്‍ സര്‍ക്കാര്‍ വരുത്തിവെച്ച ഇത്തരം ബാധ്യതകള്‍ സാമ്പത്തിക പ്രതിസന്ധിക്കിടയിലും യുഡിഎഫ് സര്‍ക്കാരിന് ചുമക്കേണ്ടി വരികയാണ്. എങ്കിലും സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് അര്‍ഹതപ്പെട്ട ഒരൊറ്റ പൈസ പോലും നഷ്ടപ്പെടുത്താന്‍ ഈ സര്‍ക്കാര്‍ തയാറല്ലെന്നും തുക പൂര്‍ണ്ണമായി നേടിയെടുത്ത് സ്‌കൂളുകളുടെ നവീകരണത്തിന് ഉപയോഗിക്കുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.


