ശബരിമല വിവാദനായിക കനകദുര്‍ഗ വിവാഹമോചിതയായി

മലപ്പുറം: ബിന്ദു അമ്മിണിയ്‌ക്കൊപ്പം ശബരിമല ദര്‍ശനത്തിനെത്തി വിവാദം സൃഷ്ടിച്ച കനക ദുര്‍ഗ വിവാഹമോചിതയായതായി.ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്ന് കുടുംബത്തിലുണ്ടായ പ്രശ്‌നങ്ങളാണ് ഒടുവില്‍ വിവാഹ മോചനം വരെ എത്തിച്ചത്. 10 ലക്ഷം നഷ്ടപരിഹാരം വാങ്ങിയാണ് വിവാഹ മോചനമെന്നാണ് റിപ്പോര്‍ട്ട് . ഇതോടെ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ കനകദുര്‍ഗ നല്‍കിയിരുന്ന കേസുകള്‍ എല്ലാം പിന്‍വലിക്കുകയും ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് താമസം മാറുകയും ചെയ്തിട്ടുണ്ട്.

ശബരിമല യാത്രയ്ക്ക് ശേഷം തിരിച്ചെത്തിയ തന്നെ ഭര്‍ത്താവിന്റെ അമ്മ തല്ലിയതായി കനകദുര്‍ഗ ആരോപിച്ചിരുന്നു. വീട്ടുകാരുമായി തെറ്റിയതോടെ ഇനി യുവതിയുമായി ഒരുമിച്ചു ജീവിക്കാന്‍ സാധിക്കില്ലെന്ന തീരുമാനത്തിലായിരുന്നു് ഭര്‍ത്താവ് കൃഷ്ണനുണ്ണി. എന്നാല്‍ ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാന്‍ കനകദുര്‍ഗയ്ക്ക് കോടതി അനുമതി നല്‍കിയിരുന്നു. ഇതോടെ ഭര്‍ത്താവും മറ്റു കുടുംബാംഗങ്ങളും ഇവിടെ നിന്നും താമസം മാറി. പെരിന്തല്‍മണ്ണയിലെ അങ്ങാടിപ്പുറത്തെ വീട്ടില്‍ പൊലീസ് സംരക്ഷണയില്‍ ഒറ്റക്കായിരുന്നു ഏറെ നാള്‍ താമസം.

കൃഷ്ണനുണ്ണിയാണ് വിവാഹമോചന ഹര്‍ജി നല്‍കിയത്. വിവാഹമോചനത്തിന് പതിനഞ്ച് ലക്ഷവും വീടും വേണമെന്നായിരുന്നു കനകദുര്‍ഗയുടെ ആവശ്യം. എന്നാല്‍ അത് നല്‍കാനാകില്ലെന്ന നിലപാടിലായിരുന്നു കൃഷ്ണനുണ്ണി. ഒടുവില്‍ കനകദുര്‍ഗ 10 ലക്ഷ രൂപയ്ക്ക് ഒത്തുതീര്‍പ്പിന് സമ്മതിക്കുകയായിരുന്നു. ഇത് കൃഷ്ണനുണ്ണിയും സമ്മതിച്ചതോടെയാണ് വിവാഹമോചനം സാധ്യമായത്.

കനകദുര്‍ഗ വീടൊഴിഞ്ഞതോടെ, കൃഷ്ണനുണ്ണിയും മാതാവും പഴയ വീട്ടില്‍ വീണ്ടും താമസമാക്കി. വിവാഹ മോചന ശേഷം പെരിന്തല്‍മണ്ണയില്‍ പുതിയ ഫ്ളാറ്റ് വാങ്ങി കനകദുര്‍ഗ അവിടേക്കും താമസംമാറി. രണ്ട് പൊലീസ് ഗണ്‍മാന്മാരും സുരക്ഷയ്ക്കായി കനകദുര്‍ഗയ്ക്കൊപ്പമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News