ചെന്നൈ:തെന്നിന്ത്യയിലെ സൂപ്പർ സ്റ്റാർ പദവിയില്‍ വർഷങ്ങളായി ഇരിപ്പുറപ്പിക്കുന്ന താരമാണ് രജനീ കാന്ത്. നെല്‍സണ്‍ കുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ജയിലറിലൂടെ അദ്ദേഹം തമിഴ് സിനിമാ ലോകത്ത് പുതിയ കളക്ഷന്‍ റെക്കോർഡുകള്‍ സൃഷ്ടിക്കുകയും ചെയ്തു. ചിത്രത്തില്‍ ഇരുന്നൂറ് കോടിയോളം രൂപയാണ് രജനീകാന്തിന് പ്രതിഫലമായി ലഭിച്ചതെന്നും വാർത്തകളുണ്ടായിരുന്നു.
തൊട്ടുമുന്നിലെ വർഷം വിക്രത്തിലൂടെ മറ്റൊരു തെന്നിന്ത്യന്‍ സൂപ്പർ സ്റ്റാറായ കമല്‍ ഹാസന്‍ ശക്തമായ തിരിച്ച് വരവായിരുന്നു നടത്തിയത്. ലോകേഷ് കനകരാജ് സംവിധാന ചെയ്ത വിക്രവും തമിഴ് സിനിമയില്‍ പുതിയ റെക്കോർഡുകള്‍ സൃഷ്ടിച്ചിരുന്നു. രജനീകാന്തിന്റേയും കമല്‍ ഹാസന്റെയും പല സിനിമകളും നേരത്തെ ഒരുമിച്ച് റിലീസ് ചെയ്തിരുന്നെങ്കിലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി അത്തരം ഒരു അനുഭവം പ്രേക്ഷകർക്ക് ആസ്വദിക്കാന്‍ സാധിച്ചിട്ടില്ല.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ റീ-റിലിസിങ്ങിലുടെ രജനീകാന്തും കമല്‍ ഹാസനും ഒരിക്കല്‍ കൂടെ ബോക്സ് ഓഫീസില്‍ ഏറ്റുമുട്ടിയിരിക്കുകയാണ്. റീ-റിലീസ് ഏറ്റുമുട്ടലില്‍ കമൽഹാസൻ രജനികാന്തിനെ തോൽപ്പിക്കുന്നുവെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.കമൽ ഹാസന്റെ ആളാവന്ദാനും രജനികാന്തിന്റെ മുത്തുവും ഈ വെള്ളിയാഴ്ച വീണ്ടും തിയേറ്ററുകളിലേക്ക് എത്തിയിരുന്നു.
ഈ രണ്ട് ചിത്രങ്ങളുടേയും കളക്ഷന്‍ പരിശോധിക്കുമ്പോള്‍ മുത്തുവിനേക്കാള്‍ കളക്ഷന്‍ നേടാന്‍ ആളവന്ദാന് സാധിച്ചിട്ടുണ്ട്. രണ്ട് ചിത്രങ്ങളും പരിമിതമായ സ്‌ക്രീനുകളിലാണ് വീണ്ടും റിലീസ് ചെയ്‌തത്.ഇതില്‍ ഒക്കുപ്പൻസി, ആരാധകരുടെ ആഘോഷം, കളക്ഷൻ എന്നിവ താരതമ്യം ചെയ്താൽ, കമൽ ഹാസനാണ് ഇത്തവണ ആധിപത്യം പുലർത്തുന്നത്. മുത്തുവിന്റെ കളക്ഷനുകളുടെ ഇരട്ടിയാണ് ആളവന്ദന്റെ കളക്ഷനെന്ന് റിപ്പോർട്ടുകള്‍ പറയപ്പെടുന്നു.
2005ലാണ് രജനികാന്തും കമൽഹാസനും അവസാനമായി ബോക്‌സ് ഓഫീസിൽ പരസ്പരം മത്സരിച്ചത്. രജനികാന്തിന്റെ ചന്ദ്രമുഖിയും കമൽഹാസന്റെ മുംബൈ എക്‌സ്പ്രസും ഒരേ ദിവസമായിരുന്നു റിലീസ് ചെയ്തത്. ചന്ദ്രമുഖി ഇൻഡസ്ട്രി ഹിറ്റായി മാറിയപ്പോൾ മുംബൈ എക്സ്പ്രസ് ഒരു ദുരന്തമായിരുന്നു. ഇതിന് ശേഷം 18 വർഷത്തിന് ശേഷം ബോക്സോഫീസിൽ കമലും രജനിയും ഏറ്റുമുട്ടിയപ്പോള്‍ വിജയും കമലിനൊപ്പം നില്‍ക്കുകയാണ്.
കെ എസ് രവികുമാർ സംവിധാനം ചെയ്ത മുത്തു മലയാളത്തില്‍ പ്രിയദർശ്‍-മോഹന്‍ ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന തേന്‍മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കാണ്. വന്‍ വിജയമായ ചിത്രം 200 ലേറെ ദിവസങ്ങള്‍ തിയേറ്ററില്‍ ഓടി. ജപ്പാനിൽ റിലീസ് ചെയ്ത ചിത്രം അവിടേയും വൻ കളക്ഷൻ നേടി. സുരേഷ് കൃഷ്ണയാണ് കമൽഹാസന്റെ ആളവന്ദാന്‍ സംവിധാനം ചെയ്തത്. ചിത്രത്തിലെ നെഗറ്റീവ് ഷേഡുള്ള വേഷത്തിലെ കമൽഹാസന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ വാണിജ്യപരമായി ചിത്രം മികച്ച വിജയം നേടിയില്ല.