ജനുവരി 21ന് വിനീത് ശ്രനിവാസന് മാജിക്കില്‍ തിയേറ്ററുകളിലെത്തിയ സിനിമയാണ് ഹൃദയം. വിനീത് ശ്രീനിവാസന്റെ മറ്റെല്ലാ സിനിമകളെ പോലെ തന്നെ ഹൃദയവും പ്രേക്ഷകര്‍ക്ക് ഒട്ടും നിരാശ സമ്മാനിക്കാത്ത സിനിമ കൂടിയാണ്. വിനീത് ശ്രീനിവാസന് സിനിമകള്‍ പ്രഖ്യാപിക്കുമ്പോള്‍ മുതല്‍ സിനിമാ പ്രേമികള്‍ കാത്തിരിപ്പ് തുടങ്ങും. പ്രണവും കല്യാണിയും ദര്‍ശനയുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍ എന്ന് കൂടി വിനീത് പ്രഖ്യാപിച്ചതോടെ പ്രേക്ഷകര്‍ക്ക് ആകാംഷ കുറച്ച് കൂടി അധികമായെന്ന് പറയാം.
നല്ല ഒരു തിരക്കഥയും കഥാപാത്രങ്ങളെ കോര്ത്തിണക്കിയതിലെ മികവുമെല്ലാം സിനിമയെ വളരെ എളുപ്പത്തിലാണ് പ്രേക്ഷക ഹൃദയങ്ങളിലേക്കെത്തിച്ചത്. പ്രണവ് മോഹന്‍ലാലിന്റെ മിന്നും പ്രകടനവും സിനിമയില്‍ ഒഴിച്ചുകൂടാനാവാത്തതാണ്. ഹൃദയം തിയേറ്ററുകളില്‍ റിലീസ് ചെയ്തിട്ട് ഒരുമാസത്തോട് അടുക്കാന്‍ പോകുമ്പോള്‍ കഴിഞ്ഞ ദിവസം ചിത്രം ഒ.ടി.ടിയിലും ചിത്രം പ്രദര്‍ശനം തുടങ്ങിയിരിക്കുകയാണ്. ഹോട്സ്റ്റാറിലാണ് ഹൃദയം റിലീസ് ചെയ്തിരിക്കുന്നത്.
സിനിമ ഒ.ടി.ടിയില്‍ റിലീസ് ചെയ്യുമ്പോഴും തിയേറ്ററിലും പ്രദര്‍ശനം തുടരുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. ഓ.ടി.ടി റിലീസിന് മുന്നോടിയായി ഹൃദയത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ലൈവിലെത്തി വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. പതിവുപോലെ രണ്ട് നായികമാരും അണിയറപ്രവര്‍ത്തകരുമെല്ലാം ലൈവിലെത്തിയപ്പോള്‍ പ്രണവ് മാത്രം ഇല്ലായിരുന്നു.
എന്നാല്‍ പ്രണവിനെ കുറിച്ച് ചോദിച്ചപ്പോള്‍ കല്യാണി പ്രിയദര്ശന് പ്രേക്ഷകര്‍ക്ക് നല്കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
പ്രണവ് എപ്പോഴായിരിക്കും ഒരു അഭിമുഖത്തില്‍ പ്രത്യക്ഷപ്പെടുക എന്ന് കല്യാണിയോട് വിനീത് ചോദിച്ചപ്പോഴാണ് രസകരമായ മറുപടിയാണ് കല്യാണി പറഞ്ഞത്. ‘എന്നെ അഭിമുഖത്തിന് വിളിക്കുന്നവരെല്ലാം ചോദിക്കുന്നത് പ്രണവിനെ കുറിച്ചാണ്. അവര്‍ക്ക് അറിയേണ്ടതും അത് മാത്രമാണ്. എന്റെ അഭിമുഖങ്ങളെല്ലാം പ്രണവിനെ കുറിച്ച് പറയാന്‍ വേണ്ടി മാത്രമുള്ളതുപോലെയാണ്. എന്റെ ആദ്യ സിനിമ പ്രഖ്യാപിച്ച സമയത്ത് ഞാന്‍ ആദ്യം നല്കിയ അഭിമുഖത്തില്‍ പോലും അവര്‍ ചോദിച്ചത് ഏറെയും പ്രണവിനെ കുറിച്ചാണ്. മാത്രമല്ല എല്ലാവര്‍ഷവും ഞാനും പ്രണവും വിവാഹിതരാകാന്‍ പോകുന്നുവെന്ന തരത്തില്‍ ഞങ്ങളുടെ ഫോട്ടോകള്‍ വെച്ച് വാര്‍ത്തകളും വരാറുണ്ട്. അവന് അഭിമുഖങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറി നടക്കുകയാണ്,’ കല്യാണി തമാശ രൂപേണ പറഞ്ഞു.
പ്രണവിന് ഭയങ്കര നിഷ്കളങ്കനാണെന്നാണ് ആളുകളുടെ വിചാരമെന്നും എന്നാല്‍ അങ്ങനെയല്ലെന്നും കല്യാണി പറയുന്നു. ‘അവന് ഭയങ്കര നിഷ്കളങ്കനാണ്, വിനയമുള്ളവനാണ് എന്നൊക്കെയാണ് ആളുകള്‍ വിചാരിച്ചിരിക്കുന്നത്. എന്നാല്‍ അവന് അത്ര നല്ലകുട്ടിയൊന്നുമല്ല. അവനെ കുറിച്ച് ആളുകള്‍ക്കുള്ള ആ ചിന്ത മാറ്റണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അവനെപ്പോലെ മോശമായ ഒരു കോ- സ്റ്റാര്‍ വെറെയുണ്ടാവില്ല. സെറ്റില്‍ വരുമ്പോള്‍ ഒരു ഡയലോഗ് പോലും ഓര്‍മയുണ്ടാവില്ല. കൂടാതെ ലേറ്റും ആയിരിക്കും. അവന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടാണ്,’ താരം ചിരിച്ചുകൊണ്ട് പറഞ്ഞു.
പ്രണവിനെ കുറിച്ച് ആളുകള്‍ പറയുന്ന ഡയലോഗുകള്‍ മാറ്റി പറയിപ്പിക്കാന്‍ എല്ലാവരും ഒപ്പം നില്‍ക്കണമെന്ന് കല്യാണി ആവശ്യപ്പെടുമ്പോള്‍ താന്‍ ഉറപ്പായും കൂടെയുണ്ടാകുമെന്ന് ദര്‍ശന കല്യാണിക്ക് ഉറപ്പ് നല്‍കുന്നുണ്ട്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന്, ദര്‍ശന രാജേന്ദ്രന് തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരന്നത്. താന്‍ പഠിച്ചിരുന്ന കോളേജ് തന്നെയാണ് ഹൃദയത്തില്‍ കാണിച്ചതെന്ന് വിനീത് വ്യക്തമാക്കിയിരുന്നു.
ജേക്കബിന്റെ സ്വര്‍ഗരാജ്യം പുറത്തിറങ്ങി ആറ് വര്‍ഷത്തിനിപ്പുറമാണ് വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ മറ്റൊരു ചിത്രം പുറത്തെത്തുന്നത്. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രവുമാണിത്. കൊവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പല പ്രധാന റിലീസുകളും മാറ്റിയപ്പോള്‍ പ്രഖ്യാപിച്ച റിലീസ് തീയതിയില്‍ തന്നെ ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനായിരുന്നു നിര്‍മാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ തീരുമാനം.