മരക്കാറിന്റെ റിലീസ് ഒ.ടി.ടിയിലേക്ക് മാറ്റേണ്ടിവരുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് അടിയന്തര ഇടപടല്‍ വേണമെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടന ഫിയോക് ആവശ്യപ്പെട്ട പ്രകാരം ഫിലിം ചേംബര്‍ പ്രശ്നത്തില്‍ ഇടപെട്ടു. ചേംബര്‍ പ്രസിഡണ്ട് ജി.സുരേഷ്‌കുമാര്‍ മോഹന്‍ലാലും ആന്റണി പെരുമ്പാവൂരുമായി ചര്‍ച്ച നടത്തി. റിലീസ് സമയം ആദ്യ മൂന്നാഴ്ച പരമാവധി തിയറ്ററുകളില്‍ മരക്കാര്‍ മാത്രം പ്രര്‍ദശിപ്പിക്കണം എന്നതടക്കമുള്ള ഉപാധികളാണ് നിര്‍മ്മാതാക്കള്‍ മുന്നോട്ട് വെച്ചത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാണ് ഫിയോക്ക് യോഗം.
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം മരയ്ക്കാര്‍, അറബിക്കടലിന്റെ സിംഹം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടിയും സംവിധായകന്‍ പ്രിയദര്‍ശന്റെ മകളുമായ കല്യാണി പ്രിയദര്‍ശന്‍.
മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് ലഭിച്ച ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയതിലുള്ള സന്തോഷം പങ്കുവെച്ചുകൊണ്ടുള്ള നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് ഇത്തരമൊരു ആവശ്യം കല്യാണി ഉന്നയിച്ചത്. അഭിനന്ദനങ്ങള്‍, ഇനി എല്ലാവരുടേയും ആവശ്യം പോലെ മരയ്ക്കാര്‍ തിയേറ്ററില്‍ തന്നെ എത്രയും പെട്ടെന്ന് റിലീസ് ചെയ്യൂ എന്നായിരുന്നു കല്യാണി കുറിച്ചത്.
നിരവധി പേരാണ് കല്യാണിയുടെ ആവശ്യത്തെ പിന്തുണച്ചുകൊണ്ട് ട്വീറ്റിന് താഴെ രംഗത്തെത്തിയത്. മരയ്ക്കാര്‍ തിയേറ്ററില്‍ തന്നെ കണ്ട് അനുഭവിക്കേണ്ട ചിത്രമാണെന്നും ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കരുതെന്നുമാണ് കമന്റുകള്‍.
അതേസമയം ചിത്രം തിയറ്ററിലോ ഒടിടിയിലോ റിലീസ് ചെയ്യുകയെന്നതില്‍ നാളെ അന്തിമ തീരുമാനം ഉണ്ടാകും. റിലീസ് ചെയ്യുമ്പോള്‍ ആദ്യ മൂന്നാഴ്ച പരമാവധി തിയറ്ററുകള്‍ നല്‍കണം എന്നതടക്കമുള്ള നിര്‍മ്മാതാക്കളുടെ ഉപാധികള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ ഫിയോക്ക് അടിയന്തര യോഗം ചേരും.