തിരുവനന്തപുരം: കളിയിക്കാവിളയില്‍ തമിഴ്‌നാട് എ.എസ്.ഐ വിന്‍സെന്റിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളായ തൗഫീഖിനെയും ഷമീമിനെയും ഇന്ന് തമിഴ്‌നാട് കുഴിത്തറ ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കും. എഎസ്ഐ വെടിയേറ്റ് മരിച്ച ചെക്‌പോസ്റ്റില്‍ തമിഴ്‌നാട് പൊലീസ് ഇവരെ കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തും.
കര്‍ണാടകത്തിലെ ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് തമിഴ്നാട് ക്യൂ ബ്രാഞ്ചും ബെംഗളൂരു ക്രൈംബ്രാഞ്ചും ചേര്‍ന്ന് തൗഫീക്ക്, അബ്ദുള്‍ ഷമീം എന്നീ മുഖ്യപ്രതികളെ പിടികൂടിയത്. ഇവരെ കഴിഞ്ഞ ദിവസം ബംഗളുരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് തമിഴ്‌നാട് ക്യു ബ്രാഞ്ചിന് കൈമാറിയിരുന്നു. വന്‍ സുരക്ഷ സന്നാഹത്തോടെയാണ് ഇവരെ കളിയിക്കാവിളയില്‍ എത്തിച്ചത്. കേരളത്തില്‍ ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കിയ സയ്ദ് അലി അടക്കമുള്ള കൂട്ടാളികള്‍ ഇപ്പോഴും ഒളിവിലാണ്.
നിരോധിത സംഘടനയായ അല്‍ ഉമ്മയുടെ പുതിയ രൂപമായ തമിഴ്‌നാട് നാഷ്ണല്‍ ലീഗിന് കേസുമായി ബന്ധമുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. അബ്ദുള്‍ ഷമീം, ഹിന്ദു മുന്നണി നേതാവായിരുന്ന കെ.പി സുരേഷ് കുമാറിനെ 2014-ല്‍ കൊലപ്പെടുത്തിയ കേസിലേയും പ്രതിയാണ്.
കര്‍ണാടകത്തില്‍ പല വേഷങ്ങളിലും പേരുകളിലുമാണ് ഈ പ്രതികള്‍ കഴിഞ്ഞിരുന്നത്. പലയിടത്തായി താമസിച്ചിരുന്ന ഇവര്‍ ആവശ്യങ്ങളനുസരിച്ച് പദ്ധതിയിട്ടാണ് ഒരുമിച്ച് യോഗം ചേരുന്നതും തുടര്‍നടപടികള്‍ ആസൂത്രണം ചെയ്യുന്നതും. അല്‍-ഉമ്മയുടെ തീവ്രവാദ ആശയങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. കൂടുതല്‍ പേരെ അങ്ങനെ സംഘത്തിലെത്തിക്കാനും ഇവര്‍ ശ്രമിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.