വിവാഹ ഒരുക്കങ്ങൾക്കിടെ വീട്ടിലെത്തിയ മുഖംമൂടിധാരികളായ സംഘം യുവതിയെ ഡീസല്‍ ഒഴിച്ച് കത്തിച്ചു

ചണ്ഡിഗഡ് : വിവാഹത്തിന് മൂന്ന് ദിവസം മാത്രം. വിവാഹ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ വീട്ടിലേയ്ക്ക് കയറി വന്ന മുഖംമൂടി ധരിച്ചെത്തിയ സംഘം യുവതിയെ ഡീസല്‍ ഒഴിച്ച് കത്തിച്ചു. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ ഇരുപത്തി ഒമ്പതുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ നില അതീവ ഗുരുതരമാണ്.

മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേര്‍ വിശ്വകര്‍മ പുരി പ്രദേശത്തെ യുവതിയുടെ വസതിയില്‍ അതിക്രമിച്ച് കയറി ഡീസല്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി 17 നാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.

വിവാഹത്തിന്റെ ഒരുക്കങ്ങളില്‍ വ്യാപൃതരായിരുന്ന ബന്ധുക്കള്‍ യുവതിയുടെ നിലവിളി കേട്ടാണ് ശുചിമുറിയിലെത്തിയത്. ഉടന്‍ തന്നെ തീ അണച്ച് യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് പിതാവ് ഹര്‍ജിന്ദര്‍ സിംഗ് പറഞ്ഞു. മുഖംമൂടി ധരിച്ച രണ്ടുപേര്‍ വീട്ടില്‍ നിന്ന് ഓടിപ്പോകുന്നത് അവര്‍ കണ്ടതായും അദ്ദേഹം പൊലീസിന് മൊഴി നല്‍കി.

അതേസമയം, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംശായാസ്പദമായി ആരും വീട്ടില്‍ പ്രവേശിക്കുന്നത് കണ്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News