മലയാളി വിദ്യാര്‍ഥികളെ ബംഗളുരുവിൽ പാക്കിസ്ഥാനികളാക്കി പോലീസിന്റെ പീഡനം
ബംഗളുരു: മലയാളി വിദ്യാര്‍ഥികളെ ബംഗളുരു പോലീസ് പാക്കിസ്ഥാനികളാക്കിയതായി ആരോപണം . ബംഗളൂരുവില്‍ സോഫ്റ്റ്വെയര് വിദ്യാര്‍ഥിയായ കണ്ണൂര്‍ സ്വദേശിയും സഹോദരനും മറ്റൊരു സുഹൃത്തിനുമാണു ദുരനുഭവമുണ്ടായത്. കഴിഞ്ഞദിവസം രാത്രി ഒന്നരയോടെ ബംഗളുരു എസ്ജി പാളയ പോലീസ് സ്റ്റേഷന് പരിധിയിലാണു സംഭവം.താമസിക്കുന്ന അപ്പാര്‍ട്ട്മെന്റില്‍നിന്നു രാത്രി ഒരുമണിക്കു ചായ കുടിക്കാനായി പുറത്തിറങ്ങിയ വിദ്യാര്‍ഥികളെയാണു പോലീസ് പിടികൂടി സ്റ്റേഷനില്‍ കൊണ്ടുപോയത്.
വിദ്യാര്‍ഥികള്‍ തങ്ങളുടെ അനുഭവം വിഡിയോ സഹിതം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു. മുസ്ലിം വിദ്യാര്‍ഥികളോടു നിങ്ങള്‍ പാകിസ്ഥാനിയാണോ’ എന്നായിരുന്നു പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാരന്റെ ചോദ്യമെന്നും രണ്ടു മണിക്കൂറോളം തങ്ങളെ പോലീസ് സ്റ്റേഷനില്‍ വച്ച് ലാത്തികൊണ്ടു മര്‍ദിച്ചെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. തങ്ങള്‍ ഈയിടെ നഗരത്തില്‍ നിന്ന് തീവ്രവാദികളെന്നു സംശയിക്കുന്നവരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
CAA /NRC protest info എന്ന ട്വിറ്റെർ ഐഡിയിൽ നിന്നാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. എല്ലാവരുടെയും ഫോണ്‍ ആവശ്യപ്പെട്ട പോലീസ് ഒരാളുടെ കൈയില്‍നിന്ന് ഫോണ്‍ പിടിച്ചുവാങ്ങുകയും പരിശോധിക്കുകയും ചെയ്തു. വാറന്റ് ഉണ്ടെങ്കില്‍ മാത്രമേ വ്യക്തിയുടെ പക്കലുള്ള വസ്തുക്കള്‍ പരിശോധിക്കാന്‍ അവകാശമുള്ളൂ എന്നു പറഞ്ഞപ്പോള്‍ വാറണ്ട് വേണമെങ്കില്‍ സ്റ്റേഷനില്‍ വരണമെന്നായിരുന്നു പോലീസിന്റെ മറുപടി.
രാത്രി ഒന്നരയോടെയാണ് വിദ്യാര്‍ഥികളെ എസ്ജി പാളയ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയയത്. പിന്നീട് മൂന്നരയോടെ ലോക്കല്‍ ഗാര്ഡിയന് സ്ഥലത്തെത്തിയശേഷമാണ് എല്ലാവരെയും വിട്ടയച്ചത് എന്നും ഇവർ ആരോപിക്കുന്നു.സൗത്ത് ഈസ്റ്റ് ഡിവിഷന്റെ ചുമതലയുള്ള വൈറ്റ്ഫീല്‍ഡ് ഡിസിപി എം എന്‍ അനുചേത് അന്വേഷണത്തിന് ഉത്തരവിട്ടതായും ഇവർ പറയുന്നു.