NationalNews

തമിഴ്‌നാട്ടില്‍ കൂറ്റന്‍ ജെല്ലിക്കെട്ട് വേദി, മുടക്കിയത് 44 കോടി; ഉദ്ഘാടനം ചെയ്ത് എംകെ സ്റ്റാലിന്‍

മധുര:തമിഴ്നാട്ടിലെ(Tamil Nadu) മധുരയില്‍(Madurai) കൂറ്റന്‍ ജെല്ലിക്കെട്ട് വേദി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍(CM MK Stalin). തന്റെ പിതാവും അന്തരിച്ച ഡിഎംകെ സ്ഥാപക നേതാവുമായ എം കരുണാനിധിയുടെ പേരിലാണ് സ്റ്റേഡിയം. കീലക്കരൈയിലെ കലൈഞ്ജര്‍ ശതാബ്ദി ജല്ലിക്കെട്ട് അരീന(Kalaignar Centenary Jallikattu Arena) 5000 കാണികളെ ഉള്‍ക്കൊള്ളുന്ന വിധത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

തമിഴ്നാട് സര്‍ക്കാര്‍ 44 കോടി രൂപ ചെലവഴിച്ച് 66 ഏക്കര്‍ സ്ഥലത്താണ് നിര്‍മാണം നടത്തിയത്. 2014ല്‍ സംസ്ഥാനത്ത് ജെല്ലിക്കെട്ട് നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായെന്നും മൂന്ന് വര്‍ഷത്തിന് ശേഷം ചെന്നൈയിലെ മറീനയില്‍ ജല്ലിക്കെട്ട് നടത്തണമെന്ന് ആവശ്യപ്പെട്ട് വന്‍ ജനകീയ പ്രതിഷേധം നടത്തിയെന്നും എംകെ സ്റ്റാലിന്‍ ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു.

സമാധാനപരമായ പ്രതിഷേധക്കാര്‍ക്കെതിരെ അന്നത്തെ എഐഎഡിഎംകെ സര്‍ക്കാര്‍ അക്രമം അഴിച്ചുവിട്ടു. എന്നാല്‍ ഒടുവില്‍ സംസ്ഥാന വ്യാപകമായ പ്രതിഷേധത്തിന് ഭരണകൂടം വഴങ്ങി. എന്നിട്ടും ശാശ്വതമായ ഒരു പരിഹാരം ഉണ്ടായിട്ടില്ലെന്നും എല്ലാ വര്‍ഷവും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ജെല്ലിക്കെട്ടിന് അനുമതി നല്‍കിയതിന്റെ പേരില്‍ നാടകം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 1,000 വര്‍ഷം പഴക്കമുള്ള പരമ്പരാഗത കായിക വിനോദമായ ജെല്ലിക്കെട്ട് ഉത്സവത്തിന് മുന്നോടിയായാണ് ഉദ്ഘാടനം നടന്നത്.

2014-ല്‍ മൃഗങ്ങളോടുള്ള ക്രൂരത ചൂണ്ടിക്കാട്ടി സുപ്രീം കോടതി പരമ്പരാഗത കായികവിനോദമായ ജെല്ലിക്കെട്ട് നിരോധിച്ചതോടെയാണ് വിവാദങ്ങളുടെ കേന്ദ്രമായി മാറിയത്. വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് 2017ല്‍ തമിഴ്നാട് സര്‍ക്കാര്‍ ജെല്ലിക്കെട്ട് നിരോധനം നീക്കിക്കൊണ്ട് നിയമസഭയില്‍ ഭേദഗതി പാസാക്കി. കോടതി മാനദണ്ഡങ്ങള്‍ അനുസരിച്ച്, മൃഗങ്ങളുടെയും മെരുക്കുന്നവരുടെയും സുരക്ഷയ്ക്കാണ് ഏറ്റവും മുന്‍ഗണന നല്‍കുന്നത്. മെരുക്കുന്നവര്‍, കാളകള്‍, ഒരു മ്യൂസിയം എന്നിവയും മെഡിക്കല്‍ സൗകര്യങ്ങളും അരീനയില്‍ ഉണ്ടായിരിക്കും.

ഈ വർഷമാണ് ജെല്ലിക്കെട്ടിന് അനുമതി നല്‍കി സുപ്രിംകോടതി ഒരു സുപ്രധാന വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജെല്ലിക്കെട്ട് നിരോധനത്തെ മറികടക്കാന്‍ തമിഴ്‌നാട് പാസാക്കിയ നിയമത്തിനെതിരായ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

ജെല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ അഭിവാജ്യഘടകമാണെന്നും നൂറ്റാണ്ടായുള്ള ആചാരത്തില്‍ ഇടപെടാനാകില്ലെന്നും കോടതി പറഞ്ഞു. മൃഗങ്ങളോടുള്ളക്രൂരത നിയന്ത്രിക്കുന്ന നിയമത്തിന്റെ ചുവട് പിടിച്ച് 2014 ല്‍ സുപ്രിംകോടതി ജെല്ലിക്കെട്ട് നിരോധിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button