കോട്ടയം: കടുത്തുരുത്തിയിലെ പ്രണയത്തട്ടിപ്പ് സംബന്ധിച്ച ദുരൂഹതകള്‍ ദിനംപ്രതി ഏറുന്നു. റിമാന്‍ഡിലായ യുവാക്കളെല്ലാവരും ഈ ഒരു ലക്ഷ്യംവെച്ചു മാത്രം ഇവിടെയെത്തിയവരാണെന്നു പോലീസ് സ്ഥിരീകരിച്ചിരുന്നു.
എന്നാല്‍ ഇത്തരക്കാര്‍ ലോഡ്ജുകളില്‍ മുറിയെടുത്തും മറ്റും ഇവിടെ കഴിഞ്ഞതിന് പണം സ്വരൂപിച്ചതെങ്ങനെയെന്നത് കണ്ടെത്തേണ്ടതുണ്ട്. പ്രാദേശിക സഹായമില്ലാതെ ഇത് നടക്കില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രണയത്തട്ടിപ്പില്‍ പിടിയിലായ യുവാക്കളെല്ലാം ലഹരി ഉപയോഗിക്കുന്നവരും ഇതിന്റെ വില്‍പ്പനക്കാരുമാണെന്നു പോലീസ് അന്വേഷണത്തില്‍ ബോധ്യപെട്ടിരുന്നു. വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം മുമ്പെങ്ങുമില്ലാത്തവിധം വര്‍ധിച്ചുവരുന്നതായി മാസങ്ങള്‍ക്ക് മുമ്പ് തന്നെ എക്സൈസ് വകുപ്പും മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രണയത്തട്ടിപ്പില്‍ കുരുക്കി വരുതിയിലാക്കിയ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയും സുഹൃത്തുക്കളായ ആണ്‍കുട്ടികള്‍ക്കു പ്രതിഫലം നല്‍കിയുമാണ് സംഘം ലഹരിയുടെ വിപണനം നടത്തിയിരുന്നത്.
പ്രണയത്തട്ടിപ്പില്‍ കുടുങ്ങിയ പെണ്‍കുട്ടികളും ഇവരുടെ സുഹൃത്തുക്കളായ മറ്റു കുട്ടികളും ലഹരി ഇടപാടുകളെ കുറിച്ചു പോലീസിന് വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നാണറിയുന്നത്. സംഘത്തിലെ ഭൂരിപക്ഷം യുവാക്കളും മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍നിന്ന് എത്തിയവരാണെന്നും പോലീസ് പറയുന്നു.
കടുത്തുരുത്തിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു പെണ്‍കുട്ടിയെയും രണ്ട് യുവാക്കളെയും കണ്ടെത്തിയ സംഭവത്തിന് ശേഷമാണ് പോലീസ് അന്വേഷണം തുടങ്ങിയത്. അറസ്റ്റ് ചെയ്ത മൂന്ന് പ്രതികള്‍ റിമാന്‍ഡിലാണ്.
പ്രതികളെല്ലാം പ്രണയ തട്ടിപ്പ് നടത്തുന്നതിന് മാത്രമായി മറ്റ് ജില്ലകളില്‍നിന്നെത്തി ഇവിടെ മാസങ്ങളും വര്‍ഷങ്ങളുമായി താമസിച്ചിരുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തുന്നതാണ് ഇവരുടെ പ്രധാന വരുമാനമാര്‍ഗമെന്നും പോലീസ് പറയുന്നു.കൂടുതല്‍ സംഘങ്ങള്‍ പ്രദേശത്തുണ്ടെന്നും പോലീസ് മുന്നറിയിപ്പുണ്ട്.
കണ്ണൂര്‍ തളിപ്പറമ്പ് രാമന്തളി കണ്ടത്തില്‍ വീട്ടില്‍ മിസ്ഹബ് അബ്ദുള്‍ റഹിമാന്‍ (20), കണ്ണൂര്‍ ലേരൂര്‍ മാധമംഗലം നെല്ലിയോടന്‍ വീട്ടില്‍ ജിഷ്ണു രാജേഷ് (20), കോഴിക്കോട് വടകര കുറ്റ്യാടി അടുക്കത്ത് മാണിക്കോത്ത് വീട്ടില്‍ അഭിനവ് (20) എന്നിവരാണ് റിമാന്‍ഡിലുള്ളത്.
പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളായ മൂന്ന് പെണ്‍കുട്ടികളുടെ മൊഴിയനുസരിച്ചെടുത്ത കേസിലാണ് മൂവരും അറസ്റ്റിലായത്. പതിനഞ്ചോളം പെണ്‍കുട്ടികള്‍ ഈ മേഖലയില്‍ പ്രണയക്കുരുക്കില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.