തിരുവനന്തപുരം; പാർട്ടി പദവികളിൽ നിന്നും ഒഴിവാക്കാൻ അച്ചടക്ക സമിതി ശുപാർശ ചെയ്തതിന് പിന്നാലെ പ്രതികരിച്ച് മുതിർന്ന നേതാവ് കെ വി തോമസ്. തന്നെ സ്ഥാനമാനങ്ങളിൽ നിന്നും എടുത്ത് മാറ്റാൻ സാധിക്കുമായിരിക്കും. എന്നാൽ കോൺഗ്രസിൽ നിന്നും എടുത്ത് മാറ്റാൻ സാധിക്കില്ലല്ലോയെന്ന് കെ വി തോമസ് പറഞ്ഞു. എന്നും കോൺഗ്രസുകാരനായി തന്നെ താൻ തുടരുമെന്നും തോമസ് വ്യക്തമാക്കി.
‘കോൺഗ്രസ് തന്നെ സംബന്ധിച്ച് വികാരമാണ്. അച്ചടക്ക സമിതി കൂടി ചർച്ച ചെയ്ത ശേഷം നേതാക്കൾ ഒരു ശുപാർശ കോൺഗ്രസ് അധ്യക്ഷയ്ക്ക് മുന്നിൽ വെച്ചിട്ടുണ്ട്. തന്റെ ഭാഗം കേൾക്കണമെന്നും ഞാൻ കോൺഗ്രസ് അധ്യക്ഷയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി സോണിയ ഗാന്ധിയാണ് അന്തിമ തിരുമാനം കൈക്കൊള്ളേണ്ടത്. കോണ്ഗ്രസ് അധ്യക്ഷയെ കണ്ട് വിശദീകരണം നല്കാന് അവസരം കിട്ടുകയാണെങ്കില് വിശദീകരണം അറിയിക്കും. എന്ത് നടപടിയാകും കൈക്കൊളളുക എന്ന കാര്യം തനിക്ക് ഇപ്പോൾ അറിയില്ല. ഇത്ര നാൾ കാത്തിരുന്നില്ലേ ? ഒരു ദിവസം കൂടി കാത്തിരിക്കാം’, കെ വി തോമസ് പറഞ്ഞു.
പാർട്ടി വിലക്ക് ലംഘിച്ച് സി പി എം പാർട്ടി കോൺഗ്രസ് സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തതിനാണ് കെ വി തോമസിനെതിരെ കോൺഗ്രസ് അച്ചടക്ക സമിതി നടപടിക്ക് ശുപാർശ ചെയ്തത്. എ ഐ സി സി അംഗത്വത്തിൽ നിന്നും രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും നീക്കാനാണ് ശുപാർശ ചെയ്തിരുക്കുന്നത്. പാർട്ടിയുടെ നിർദ്ദേശം തള്ളി സി പി എം പരിപാടിയിൽ പങ്കെടുത്ത കെ വി തോമസിന്റെ നടപടി കോൺഗ്രസിന് സംസ്ഥാനത്ത് വലിയ ക്ഷീണമായിരുന്നു വരുത്തിയത്. അതുകൊണ്ട് തന്നെ കെ വി തോമസിനെ സസ്പെന്റ് ചെയ്യണമെന്നതായിരുന്നു കെ പി സി സി നേതൃത്വത്തിന്റെ ആവശ്യം.