KeralaNews

ബിജിഷയുടെ ജീവനെടുത്തത് ഓൺലൈൻ റമ്മി;ഗെയിമുകൾക്കായി ചെലവിട്ടത് ഒന്നേമുക്കാൽ കോടി രൂപ

കോഴിക്കോട് : സ്വകാര്യ ടെലികോം കമ്പനിയിലെ ജീവനക്കാരിയുടെ ആത്മഹത്യയിൽ ദുരൂഹതയുടെ ചുരുളഴിച്ച് ക്രൈംബ്രാഞ്ച്. കൊയിലാണ്ടി ചേലിയിൽ സ്വദേശിയായ മലയിൽ ബിജിഷയുടെ ആത്മഹത്യയ്ക്ക് പിന്നാലെ കോടികളുടെ ഇടപാടുകൾ യുവതി നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതിൽ പ്രധാനമായും യു പി ഐകളിലൂടെയായിരുന്നു പണം കൈമാറ്റം നടന്നത്. സാമ്പത്തികമായി ഉയർന്ന അവസ്ഥയിൽ അല്ലാതിരുന്നിട്ടും കോടികളുടെ ഇടപാട് എങ്ങനെ ബിജിഷ നടത്തിയെന്നും, എവിടെ നിന്നും ഇത്രയും പണം ലഭിച്ചു എന്നതും സംശയകരമായിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.

ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ ഓൺലൈൻ റമ്മി കളിയാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഓൺലൈൻ ഗെയിമുകൾക്കായി ഒന്നേമുക്കാൽ കോടി രൂപയോളമാണ് ഇവർ ചെലവിട്ടത്. ഇതിലൂടെ ലക്ഷക്കണക്കിന് രൂപയാണ് യുവതിക്ക് നഷ്ടമായത്. ഇതിലെ മനോവിഷമമാവും യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് കരുതുന്നത്. 2021 ഡിസംബർ 12നാണ് ബിജിഷയെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലിയിൽ കണ്ടെത്തിയത്. വിവാഹത്തിന് വീട്ടുകാർ കരുതിയ 35 പവൻ സ്വർണം യുവതി പണയം വച്ചിരുന്നതായി കണ്ടെത്തി.

കൊവിഡ് കാലത്താണ് ബിജിഷ ഓൺലൈൻ ഗെയിമുകളിൽ പരീക്ഷണം നടത്താൻ ആരംഭിച്ചതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ആദ്യ കാലത്ത് യുവതിക്ക് പണം ഗെയിമുകളിലൂടെ നേടാനായെങ്കിലും പിന്നീട് വലിയ തുകകൾ നഷ്ടപ്പെടുകയായിരുന്നു. ഇത് വീണ്ടെടുക്കുന്നതിനായി വീണ്ടും ഗെയിമിൽ പണം ചെലവിട്ടതായും കണ്ടെത്തി. യു.പി.ഐ. ആപ്പ് വഴിയാണ് ഈ ഇടപാടുകളെല്ലാം യുവതി നടത്തിയത്. കൈയിൽ പണം തീർന്നതോടെ ഓൺലൈൻ വായ്പ നൽകുന്ന കമ്പനികളിൽ നിന്നും വലിയ തുക വായ്പ എടുത്തതായും പൊലീസ് കണ്ടെത്തി. വായ്പ തിരികെ അടയ്ക്കാതായതോടെ ബിജിഷയുടെ ഫോണിലെ സുഹൃത്തുക്കളുടെ നമ്പരിലേക്ക് കമ്പനികൾ സന്ദേശം അയച്ചിരുന്നു. ബിജിഷയെ കുറിച്ച് മോശമായിട്ടാണ് ഈ സന്ദേശങ്ങളിൽ വിവരിച്ചിരുന്നത്. മാനസിക വിഷമത്തെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

എന്നാൽ ഓൺലൈൻ വായ്പ സംഘം ഇത്രയും വലിയ തുക നൽകുമോ എന്ന സംശയം നിലനിൽക്കുന്നുണ്ട്. യുവതിയുടെ മരണത്തിന് ശേഷം പണം ആവശ്യപ്പെട്ട് ആരും കുടുംബത്തെ സമീപിക്കാത്തതും ദുരൂഹത ഉയർത്തുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button