ന്യൂഡൽഹി:കൊടകര കുഴൽപ്പണ വിവാദത്തിൽ പാർട്ടി പ്രതിസന്ധിയിൽ നിൽക്കെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഡൽഹിയിലെത്തി. ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പടെയുള്ള കേന്ദ്ര നേതാക്കളെ സുരേന്ദ്രൻ നാളെ സന്ദർശിക്കും. കേന്ദ്ര മന്ത്രി വി.മുരളീധരനും ഒപ്പമുണ്ടാകുമെന്നാണ് റിപ്പോർട്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രം നേതൃത്വം സുരേന്ദ്രനെ വിളിച്ചുവരുത്തിയതായാണ് സൂചന.
കേരളത്തിലെ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പരാജയവും സംസ്ഥാന നേതൃത്വത്തിനെതിരേ ഉയർന്ന കുഴൽപ്പണമിടപാട് ആരോപണങ്ങളും സംബന്ധിച്ച് പാർട്ടി കേന്ദ്രനേതൃത്വം അന്വേഷണം തുടങ്ങിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും വിവിധ തലങ്ങളിൽ റിപ്പോർട്ട് തേടുകയും ചെയ്തു. ഇതിനിടെയാണ് സംസ്ഥാന അധ്യക്ഷൻ ഡൽഹിയിലെത്തി നേതാക്കളെ നേരിട്ട് കാണാനിരിക്കുന്നത്. ഏതെങ്കിലും രീതിയിലുള്ള നടപടികൾക്ക് മുമ്പേ നേതൃത്വത്തിന് മുന്നിൽ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയാണ് സുരേന്ദ്രന്റെ ലക്ഷ്യം.
കേരളത്തിലെ വിഷയം ഗൗരവത്തോടെയാണ് ദേശീയ നേതൃത്വം കാണുന്നത്. പാർട്ടിക്ക് കേരളത്തിൽ സീറ്റ് ലഭിച്ചില്ലെന്ന് മാത്രമല്ല, ഗുരുതര വോട്ട് ചോർച്ചയും ഉണ്ടായതായി രണ്ട് ദിവസമായി ഡൽഹിയിൽ ചേർന്ന ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടി. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ജനറൽ സെക്രട്ടറിമാർ നടത്തിയ കൂടിക്കാഴ്ചയിലും വിഷയം ചർച്ചയായി.
കേന്ദ്രനേതൃത്വം തിരഞ്ഞെടുപ്പു ചെലവിനായി നൽകിയ ഫണ്ടിനെ ചൊല്ലി ഉയരുന്ന വിവാദങ്ങൾ സംസ്ഥാന ഘടകത്തെ മാത്രം ബാധിക്കുന്ന വിഷയമായല്ല കേന്ദ്ര നേതാക്കൾ കാണുന്നത്. തിരഞ്ഞെടുപ്പ് മാനേജ്മെന്റ്, പണം കൈകാര്യം ചെയ്യുന്നതിലുണ്ടായ കെടുകാര്യസ്ഥത, ആരോപണങ്ങളെ നേരിട്ടതിലെ വീഴ്ച, ഗ്രൂപ്പിസം തുടങ്ങിയ ഘടകങ്ങൾ ഇതിലുണ്ടെന്ന് ഒരു മുതിർന്ന നേതാവ് പറഞ്ഞു. തിരഞ്ഞെടുപ്പ് നടന്ന മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ഇത്തരം ആരോപണങ്ങൾ ഉയരാത്തതും അദ്ദേഹം ചൂണ്ടിക്കാട്ടി.