തിരുവനന്തപുരം:ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് പാർട്ടി കോർ കമ്മിറ്റി. കോന്നിയിലെ സ്ഥാനാർത്ഥി സാധ്യതാ പട്ടികയിൽ കെ സുരേന്ദ്രന്റെ പേരാണ് ഒന്നാമതുള്ളത്. വി മുരളീധരൻ ഇല്ലെങ്കിൽ സുരേന്ദ്രനെ കഴക്കൂട്ടത്തു മത്സരിപ്പിക്കണം എന്നും ആവശ്യമുയർന്നു.
നേമത്ത് സാധ്യതാ പട്ടികയിലെ ഒന്നാം പേര് കുമ്മനം രാജശേഖരന്റേതാണ്. വട്ടിയൂർക്കാവിൽ പട്ടികയിൽ ആദ്യം ഉള്ളത് വി വി രാജേഷാണ്. സുരേഷ് ഗോപി തൃശ്ശൂരിൽ മത്സരിക്കണം എന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. ഇ ശ്രീധരന് പ്രഥമ പരിഗണന നൽകിയിരിക്കുന്നത് പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർത്ഥി പട്ടികയിലാണ്.
ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര പതിമൂന്നു ദിവസത്തെ കേരള പര്യടനത്തിനു ശേഷം ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. ഇന്ന് വൈകിട്ട് 5.30ന് ശംഖുംമുഖത്ത് നടക്കുന്ന മഹാസമ്മേളനത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യും. ബിജെപി ജില്ലാ അധ്യക്ഷൻ വി.വി. രാജേഷ് അധ്യക്ഷത വഹിക്കും
സപ്ത ഭാഷാ സംഗമ ഭൂമിയായ കാസർകോഡ് നിന്ന് ആരംഭിച്ച വിജയ യാത്ര ഏതാണ്ട് 1940 ഓളം കിലോമീറ്ററുകൾ സഞ്ചരിച്ചാണ് തിരുവനന്തപുരത്ത് എത്തുന്നത്. സംസ്ഥാനത്താകെ 62 മഹാസമ്മേളനങ്ങളിൽ വിജയ യാത്ര സംബന്ധിച്ചു. കൂടാതെ മുൻകൂട്ടി നിശ്ചയിക്കാത്ത നിരവധി സ്വീകരണങ്ങളും നടന്നു.നിരവധിപ്പേർ സമ്മേളനങ്ങളിൽ അണിചേർന്നു. വിജയ യാത്ര കടന്നു പോയ വഴികളിലെല്ലാം അഭിവാദ്യമർപ്പിക്കാൻ പ്രവർത്തകരെത്തി.
വിജയയാത്രയിലെ സ്ത്രീകളുടെ പങ്കാളിത്തമാണ് ശ്രദ്ധേയമായത്. വിജയ യാത്രാ നായകനെ സ്വീകരിക്കാനും ബിജെപി ഉയർത്തിയ മുദ്രാവാക്യം ഏറ്റുവിളാക്കാനും അമ്മമാരും യുവതികളുമടക്കമുള്ള സ്ത്രീകൾ കൂട്ടത്തോടെയെത്തി. എല്ലാ സ്വീകരണ സമ്മേളനങ്ങളിലും പ്രമുഖർ പലരും ബിജെപിക്കൊപ്പമെത്തി. മെട്രോമാൻ ഇ. ശ്രീധരൻ, വിരമിച്ച ഹൈക്കോടതി ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ, മലപ്പുറം മുൻ മുൻസിപ്പൽ ചെയർമാൻ ബാബു റസാഖ് തുടങ്ങി നൂറുകണക്കിന് പ്രമുഖർ ബിജെപിക്കൊപ്പം ചേർന്നു