കൈരളി പോലും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തു; ഏഷ്യാനെറ്റ് ബി.ജെ.പിക്കും യു.ഡി.എഫിനുമെതിരെ ടീമുണ്ടാക്കിയെന്ന് കെ. സുരേന്ദ്രന്‍

കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസിനെതിരെ വീണ്ടും കടുത്ത വിമര്‍ശനവുമായി ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കൈരളി പോലും ചെയ്യാത്ത കാര്യങ്ങളാണ് ഏഷ്യാനെറ്റ് ചെയ്തതെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് മറ്റ് ഏത് ചാനലും ചെയ്യാത്ത രീതിയിലാണ് ഏഷ്യാനെറ്റ് സി.പി.ഐ.എമ്മിന് അനുകൂലമായി വാര്‍ത്തകള്‍ നല്‍കിയത്. എല്ലാ ചാനലുകളുടെയും പേരെടുത്ത് പറഞ്ഞ സുരേന്ദ്രന്‍ ഇവരൊന്നും ചെയ്യാത്തത് ഏഷ്യാനെറ്റ് ചെയ്‌തെന്നും പറഞ്ഞു. ഏഷ്യാനെറ്റ് കുറച്ചുകാലമായി ഇതുചെയ്യുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൈരളി പോലും ചെയ്യാത്ത ഒരു കാര്യമാണ് ഏഷ്യാനെറ്റ് ചെയ്തത്. ബി.ജെ.പിക്കും യു.ഡി.എഫിനും എതിരെ ടീമുണ്ടാക്കിയ ഏഷ്യാനെറ്റ്സി .പി.ഐ.എമ്മിനെതിരെ ഉണ്ടാക്കിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. സി.പി.ഐ.എമ്മിന് ക്യാപ്റ്റന്‍ പദവിയാണ് ഏഷ്യാനെറ്റ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യ വിരുദ്ധമായ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് താന്‍ ചെയ്യുന്നത്. മാധ്യമങ്ങള്‍ കൊടുത്തില്ലെങ്കിലും തനിക്ക് പറയാനുള്ളത് പറഞ്ഞിട്ട് പോകുമെന്നും മാധ്യമങ്ങളുടെ പ്ലാറ്റ്‌ഫോം ആവശ്യമില്ലെന്നും കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News