തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത; കേരള രാഷ്ട്രീയത്തെ മാറ്റിമറിക്കുന്ന വ്യക്തികള്‍ ബി.ജെ.പിയില്‍ ചേരുമെന്ന് കെ സുരേന്ദ്രന്‍

കാസര്‍ഗോഡ്: എല്‍ഡിഎഫ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച പ്രവചിച്ച വാര്‍ത്താ ചാനലുകളുടെ സര്‍വേ ഫലത്തോട് പൂര്‍ണ യോജിപ്പില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ പോരാട്ടമാകും നടക്കുക. ഇടത്-വലത് മുന്നണികള്‍ക്ക് ഭൂരിപക്ഷം കിട്ടാന്‍ ബുദ്ധിമുട്ടും. തൂക്കുമന്ത്രിസഭക്കാണ് സാധ്യതയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപിക്ക് സര്‍വേയില്‍ പറഞ്ഞതിനേക്കാള്‍ നേട്ടമുണ്ടാക്കാനാകും. കേരള രാഷ്ട്രീയത്തെ മാറ്റിമറിക്കുന്ന വ്യക്തികള്‍ ബിജെപിയില്‍ ചേരുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. പലയിടത്തും ലീഗ്-സി.പി.എം ധാരണ രഹസ്യ ധാരണയുണ്ടെന്നും മുഖ്യമന്ത്രിക്ക് മുസ്ലിം ലീഗിന്റെ പിന്തുണയുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ലീഗിനെ വിശ്വസിച്ച് യു.ഡി.എഫ് ഈ തെരഞ്ഞെടുപ്പിനെ നേരിടരുത്. ലീഗ് ഇപ്പോഴും കയ്യാലപ്പുറത്താണെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്ക് മൂന്നു മുതല്‍ ഏഴുവരെ സീറ്റ് ലഭിക്കാമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ പ്രീ പോള്‍ സര്‍വേ പ്രവചിച്ചത്. എന്‍.ഡി.എക്ക് -18 ശതമാനം വോട്ട് ലഭിക്കും. തെക്കന്‍ കേരളത്തില്‍ എന്‍.ഡി.എക്ക് 20 ശതമാനം വോട്ട് ലഭിക്കാം. ഒന്നു മുതല്‍ രണ്ടു വരെ സീറ്റ് നേടും. മധ്യകേരളത്തില്‍ എന്‍.ഡി.എക്ക് പൂജ്യം മുതല്‍ ഒരു സീറ്റ് വരെയുമാണ് സര്‍വേ പ്രവചിക്കുന്നത്. വടക്കന്‍ കേരളത്തില്‍ എന്‍.ഡി.എക്ക് രണ്ടു മുതല്‍ നാലു വരെ സീറ്റ് ലഭിച്ചേക്കാമെന്നും സര്‍വേ പ്രവചിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News