കെ.സുരേന്ദ്രന് 243 കേസുകള്‍,മൂന്നു പേജില്‍ പത്രപരസ്യം;വധശ്രമവും അശ്ലീലപരാമര്‍ശവുമെല്ലാം കേസുകളില്‍
കോഴിക്കോട്:വയനാട്ടിലെ എൻ.ഡി.എ. സ്ഥാനാർഥിയായ ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രന്റെ പേരിലുള്ളത് 243 ക്രിമിനൽക്കേസുകൾ. നാമനിർദേശപത്രിക സമർപ്പിക്കുന്നതിനു മുമ്പുതന്നെ ബി.ജെ.പി. മുഖപത്രമായ ജന്മഭൂമിയിൽ മൂന്നു മുഴുപേജുകളിലായാണ് സുരേന്ദ്രന്റെ പേരിലുള്ള കേസുകളുടെ വിവരം പാർട്ടി പ്രസിദ്ധപ്പെടുത്തിയത്.
2019-ലെ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ ക്രിമിനൽക്കേസുകളുള്ള സ്ഥാനാർഥി സുരേന്ദ്രനായിരുന്നു. 240 എണ്ണമാണ് അന്നുണ്ടായിരുന്നത്. ഇത്തവണയും കേസിന്റെ കാര്യത്തിൽ സുരേന്ദ്രന്റെ റെക്കോഡ് ആർക്കും ഭേദിക്കാനാവില്ലെന്നാണ് കരുതുന്നത്.
വധശ്രമം, കലാപശ്രമം, നിയമവിരുദ്ധമായി സംഘംചേരൽ, ഭീഷണിപ്പെടുത്തൽ, നിരോധനാജ്ഞ ലംഘിക്കൽ, പൊതുമുതൽ നശിപ്പിക്കൽ, ഗതാഗതം തടസ്സപ്പെടുത്തൽ, അശ്ലീലപരാമർശം നടത്തൽ തുടങ്ങിയ വിവിധ വകുപ്പുകളിലായാണ് കേസുകൾ. ശബരിമലവിഷയം ഉൾപ്പെടെയുള്ള സമരങ്ങളെത്തുടർന്നുള്ള കേസുകളാണ് മിക്കതും.
ദശാബ്ദങ്ങൾനീണ്ട പൊതുപ്രവർത്തനപാരമ്പര്യവും യോഗ്യതയും കണക്കിലെടുത്ത് മികച്ച സ്ഥാനാർഥിയായാണ് സുരേന്ദ്രനെ ബി.ജെ.പി. കാണുന്നതെന്നും സ്ഥാനാർഥിയായി എന്തുകൊണ്ട് നിർണയിച്ചെന്ന് പരസ്യത്തിനൊപ്പം വ്യക്തമാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ച കോളത്തിൽ പറയുന്നു.
സുപ്രീംകോടതി ഉത്തരവിനെത്തുടർന്നാണ് കേസുവിവരങ്ങൾ പരസ്യപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിക്കുന്നത്. സ്ഥാനാർഥികളുടെ ക്രിമിനൽക്കേസുകളുടെ വിവരങ്ങൾ മൂന്നുതവണയായി പ്രസിദ്ധപ്പെടുത്തണം. വിവരങ്ങൾ മറച്ചുവെക്കുന്നത് നിയമനടപടികളിലേക്കു നയിക്കും.
മണ്ഡലത്തിൽ പ്രചാരമുള്ള പത്രങ്ങളിലും പ്രധാന ടി.വി. ചാനലുകളിലും നിശ്ചിതമാതൃകയിലാണ് വിവരങ്ങൾ പരസ്യപ്പെടുത്തേണ്ടത്. പ്രസിദ്ധീകരിച്ച പത്രത്തിന്റെ പകർപ്പ് സ്ഥാനാർഥികൾ പിന്നീട് വരണാധികാരിക്ക് നൽകണം. ഇത് തിരഞ്ഞെടുപ്പുചെലവുകൾക്കൊപ്പം കണക്കാക്കും.