ആടുജീവിതത്തിന്റെ വ്യാജപതിപ്പ്:പരാതി നൽകി ബ്ലെസി

കൊച്ചി: തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന പൃഥ്വിരാജ്‌ബ്ലെസി ടീമിന്റെ ആടുജീവിതം സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നതായി പരാതി. സമൂഹമാധ്യമങ്ങളില്‍ ആടുജീവിതം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് സംവിധായകന്‍ ബ്ലെസി എറണാകുളം സൈബര്‍ സെല്ലില്‍ പരാതി നല്‍കി.

തിയറ്ററില്‍നിന്ന് ചിത്രം പകര്‍ത്തിയ ആളുടെ ഫോണ്‍ സംഭാഷണവും വ്യാജപ്പതിപ്പ് പ്രചരിപ്പിച്ചവരുടെ മൊബൈല്‍ സ്‌ക്രീന്‍ ഷോട്ടും ബ്ലെസി കൈമാറിയിട്ടുണ്ട്. സിനിമയക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്ന് പരാതിയില്‍ അദ്ദേഹം ആവശ്യപ്പെട്ടു. ബെന്യാമിന്റെ ‘ആടുജീവിതം’ നോവല്‍ സിനിമയായി വ്യാഴാഴ്ചയാണ് തിയറ്ററുകളിലെത്തിയത്.

നജീബ് എന്ന വ്യക്തിയുടെ ജീവിതം ആസ്പദമാക്കിയാണ് ബെന്യാമിന്‍ ആടുജീവിതം നോവല്‍ എഴുതിയത്. സിനിമയുടെ ആഗോള കലക്ഷന്‍ 15 കോടി പിന്നിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രത്തില്‍ ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ എ.ആര്‍.റഹ്‌മാന്‍ സംഗീത സംവിധാനവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്നു. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും പ്രദര്‍ശനമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News