ചുരുക്കപ്പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചു; ആര്‍ക്കും അതൃപ്തിയില്ലെന്ന് കെ.സുധാകരന്‍

ന്യൂഡല്‍ഹി: കെ.പി.സി.സി പുനഃസംഘടനയുടെ ഭാഗമായി ഡിസിസി അധ്യക്ഷന്മാരുടെ ചുരുക്ക പട്ടിക രാഹുല്‍ ഗാന്ധിക്ക് കൈമാറിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. പട്ടികയില്‍ ആര്‍ക്കും അതൃപ്തിയില്ലെന്ന് സുധാകരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

കെപിസിസി അധ്യക്ഷന് പുറമെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, പി.ടി. തോമസ്, ടി. സിദ്ദിഖ്, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ എന്നിവരും രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.

എറണാകുളം ഉള്‍പ്പെടെ ഏതാനും ജില്ലകളില്‍ ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക ഒറ്റപ്പേരിലേക്ക് എത്തിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും നേതാക്കള്‍ അന്തിമ ഘട്ട ചര്‍ച്ച നടത്തും. സാമുദായിക പരിഗണനകള്‍ കൂടി കണക്കിലെടുത്ത് ഈ മാസം അവസാനത്തോടെ അന്തിമ പട്ടിക ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കും.

അതേസമയം, സാധ്യത പട്ടിക സംബന്ധിച്ച് വേണ്ടത്ര കൂടിയാലോചന നടത്തിയില്ലെന്ന പരാതിയുമായി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡിനെ സമീപിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News