‘ഇതൊക്കെ കാണുമ്പോഴാ സ്വയം കിണറ്റിൽ ചാടാൻ തോന്നുന്നത്’ വൈറലായി മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പ്
കൊച്ചി:ഇങ്ങേരുടെ ഒരു കാര്യം, നമ്മളൊക്കെ വെറുതെ’ , ഇതൊക്കെ കാണുമ്പോഴാ സ്വയം കിണറ്റിൽ ചാടാൻ തോന്നുന്നത്… എന്നുതുടങ്ങി നിരവധി പതിവ് കമന്റുകളാണ് മെഗാ സ്റ്റാർ മമ്മൂക്കയുടെ പുത്തൻ ലുക്കിന് വരുന്നത്. മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സ്റ്റൈലന്‍ ഫോട്ടോയ്ക്ക് താഴെ നിരവധി നടീനടന്‍മാരും ഗായകരുമാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
പലരും ഇമോജികളിലൂടെ പ്രതികരിക്കുമ്പോള്‍ മറ്റുചിലര്‍ അഭിപ്രായങ്ങള്‍ തന്നെ പറഞ്ഞിട്ടുണ്ട്. കൂട്ടത്തില്‍ ഗായകന്‍ വിജയ് യേശുദാസിന്റെ കമന്റാണ് ചിരിയുണര്‍ത്തുന്നത്. ‘ഇങ്ങേരുടെ ഒരു കാര്യം, നമ്മളൊക്കെ വെറുതെ’ എന്നാണ് വിജയ് യേശുദാസ് പറയുന്നത്.
കാലം ഇങ്ങനെ മുന്നോട്ടു ഉരുളും…കലണ്ടർ ഇങ്ങനെ മാറി മാറിമറിയും…മാറാതെ എന്നും ഇങ്ങനെ ആ മനുഷ്യൻ… അടുത്തമാസം #70 ആവാൻ പോകുവാ…അത്ഭുതം എന്നല്ലാതെ മറ്റെന്ത് പേരിട്ടു വിളിക്കും ഈ പ്രതിഭാസത്തെ….ഒരേ ഒരു വിസ്മയം… പ്രജാപതി ഈ നാടിൻ പ്രജാപതി…അഞ്ചു പതിറ്റാണ്ടിന് അഭിനയ ചക്രവാളത്തിലെ ഒരേയൊരു പ്രജാപതി…. അഭിമാനമാണ് ഞങ്ങൾക്കും മമ്മൂക്ക നിങ്ങൾ…അതിനപ്പുറം ആവേശവുമാണ്…..അതിനേക്കാൾ കൂടുതൽ അഹങ്കാരമാണ്…. കണ്ടുവളർന്ന മുഖം എന്നും ഇങ്ങനെ കണ്ടുകൊണ്ടിരിക്കുകയാണ് ഞങ്ങൾക്ക് കിട്ടുന്ന ഏറ്റവും വലിയ സൗഭാഗ്യങ്ങളിൽ ഒന്നു..എന്നുള്ള എഴുത്തുമായി പ്രദീഷ് പ്രസാദ് എന്നൊരു ആരാധകൻ നിറയെ ലൈക്കും വാങ്ങിയിട്ടുണ്ട്.
പൃഥ്വിരാജ്, നീരജ് മാധവ്, ടൊവിനോ തോമസ്, സൗബിന്‍ ഷാഹിര്‍, ഐശ്വര്യ, അനുപമ പരമേശ്വരന്‍, രമേഷ് പിഷാരടി, പ്രജേഷ് സെന്‍, പാരിസ് ലക്ഷ്മി, തരുണ്‍ മൂര്‍ത്തി എന്നിവരെല്ലാം ഫോട്ടോക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ദുൽഖർ നാട് വിടാതെ നോക്കണം…ആ ചെക്കന് തീരെ സമാധാനം ഇല്ലാതെ ആയിട്ടുണ്ട് എന്നുള്ള രസകരമായ കമെന്റ് വേറെയും.
എന്റെ ഹൃദയം എടുത്തുകൊള്ളൂ എന്നാണ് അനുപമ പരമേശ്വരന്റെ കമന്റ്. ബാക്കിയുള്ളവരെല്ലാം ഇമോജിയിലൂടെയാണ് പ്രതികരിച്ചിരിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ള ചിലര്‍ ഈ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുമുണ്ട്. ഗൃഹലക്ഷ്മിയുടെ കവറിന് വേണ്ടി ഷാനി ഷാകി എടുത്ത ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയാണ് മമ്മൂട്ടി പങ്കുവെച്ചത്. മലയാളസിനിമയില്‍ 50 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുകയാണ് മമ്മൂട്ടി.
50 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ച നടന് നിരവധി പേര്‍ ആശംസകള്‍ അറിയിച്ചിരുന്നു. നടന്റെ മികച്ച സിനിമകളെക്കുറിച്ചും അഭിനയത്തെക്കുറിച്ചും ശരീര സംരക്ഷണത്തെക്കുറിച്ചുമെല്ലാം മറ്റ് നടീനടന്‍മാര്‍ അഭിപ്രായങ്ങളും പ്രകടിപ്പിച്ചിരുന്നു. നടനാവാന്‍ വേണ്ടി മാത്രം ജനിച്ചയാളാണ് മമ്മൂട്ടിയെന്നാണ് മോഹന്‍ലാല്‍ ഗൃഹലക്ഷ്മിയിലൂടെ പറഞ്ഞത്.