തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭാ പുനസംഘടനയെ പരിഹസിച്ച് കെ. മുരളീധരന്‍ എം.പി. എത്ര തൊഴുത്തു മാറ്റികെട്ടിയാലും മച്ചിപശു പ്രസവിക്കില്ലെന്നായിരിന്നു മുരളീധരന്റെ പരിഹാസം. പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവും കൊവിഡ് രണ്ടാം തരംഗം തടയുന്നതിലെ പരാജയവും മറച്ചുവെക്കാനാണ് മന്ത്രിസഭാ പുനസംഘടനയെന്നും മുരളീധരന്‍ പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു രണ്ടാം മോദി സര്‍ക്കാറിന്റെ മന്ത്രിസഭ പുനസംഘടനാ പ്രഖ്യാപനം. 87 അംഗ പുതിയ മന്ത്രിസഭയാണ് വരുന്നത്. 20 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് പുതിയ മന്ത്രിസഭ. നിലവിലുള്ള മന്ത്രിസഭയില്‍ നിന്ന് 12 പേരെ ഒഴിവാക്കി, പുതുതായി 43 അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ പുനസംഘടിപ്പിച്ചത്. പഴയ മന്ത്രിസഭയില്‍ സഹമന്ത്രി പദവിയുണ്ടായിരുന്ന ഏഴ് പേര്‍ക്ക് ക്യാബിനറ്റ് പദവിയും നല്‍കി.
ജ്യോതിരാദിത്യ സിന്ധ്യ, അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, മുതിര്‍ന്ന ബി.ജെ.പി. നേതാവ് നാരായണ്‍ റാണെ, ബംഗാള്‍ എം.പിമാരായ ശാന്തനു ടാക്കൂര്‍, നിസിത് പ്രമാണിക്, ജെ.ഡി.യു. നേതാവ് ആര്‍.സി.പി. സിങ്, ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍മോദി, വരുണ്‍ ഗാന്ധി, എല്‍.ജെ.പിയുടെ പശുപതി പരസ് തുടങ്ങിയവരാണ് മന്ത്രിസഭയിലെ പുതുമുഖങ്ങള്‍.