കോഴിക്കോട്: പേരാമ്പ്രയിൽ പതിനായിരങ്ങളെ അണിനിരത്തി എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയുടെ റോഡ് ഷോ. ഇന്ത്യാ മുന്നണിയുടെ സർക്കാരിൽ ഇടതുപക്ഷ എംപിമാരുടെ സാന്നിധ്യം വേണമെന്നാണ് ജനങ്ങൾ ചിന്തിക്കുന്നതെന്നും രാജ്യത്തെ സൗഹാർദം തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിന് എതിരെ ജനങ്ങളുടെ ശക്തമായ പ്രതിഷേധം ആകും തെരഞ്ഞെടുപ്പെന്നും കെ കെ ശൈലജ പറഞ്ഞു.
റോഡ് ഷോയിൽ ടി പി രാമകൃഷ്ണൻ എംഎൽഎ, മുൻ എംഎൽഎമാരായ എ കെ പത്മനാഭൻ, എം കെ രാധ, കെ കുഞ്ഞമ്മദ് തുടങ്ങിയവർ പങ്കെടുത്തു.നിപ്പയെ തുരത്തിയ പോലെ, പ്രളയത്തെയും കോവിഡിനെയും അതിജീവിച്ച പോലെ ഏതു കെട്ട കാലത്തെയും കരുത്തോടെ നേരിടാൻ എന്നും കൂടെയുണ്ടാകുമെന്ന് ശൈലജ ടീച്ചർ പറഞ്ഞു.
ചൊവ്വാഴ്ച വൈകീട്ട് പേരാമ്പ്ര റെസ്റ്റ് ഹൌസ് പരിസരത്ത് ആരംഭിച്ച റോഡ് ഷോ ബസ് സ്റ്റാൻഡിലാണ് സമാപിച്ചത്. തുറന്ന വാഹനത്തിലെത്തിയ ശൈലജ ടീച്ചർക്ക് ചുറ്റും പ്രവർത്തകർ പാർട്ടി പതാകകളുമായി അണിനിരന്നു. നേരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലും പേരാമ്പ്രയിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ റോഡ് ഷോ നടത്തിയിരുന്നു.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ സര്‍പ്രൈസുകള്‍ നിറഞ്ഞ മണ്ഡലമാണ് വടകര. മുന്‍ ആരോഗ്യമന്ത്രിയും മട്ടന്നൂര്‍ എംഎല്‍എയുമായ കെ കെ ശൈലജ ടീച്ചറെ സിപിഎം ആദ്യമേ കളത്തിലിറക്കി. കോണ്‍ഗ്രസാവട്ടെ സിറ്റിംഗ് എം പിയായ കെ മുരളീധരനെയാണ് ആദ്യം സ്ഥാനാര്‍ഥിയായി മനസില്‍ കണ്ടത്.
എന്നാൽ സഹോദരി പദ്‌മജ വേണുഗോപാല്‍ ബിജെപിയിലേക്ക് ചേക്കേറിയതോടെ കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുകയെന്ന അപ്രതീക്ഷിത നീക്കം കോണ്‍ഗ്രസ് നടത്തി. കോണ്‍ഗ്രസിന്‍റെ യുവരക്തവും പാലക്കാട് എംഎല്‍എയുമായ ഷാഫി പറമ്പിലിനെ വടകരയിലേക്ക് പോരിന് അയക്കുകയും ചെയ്തു. ഇതോടെ പോരാട്ടം പൊടിപാടുന്ന സ്ഥിതിയായി. കേരളത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്ന് വടകരയിലാണ് നടക്കുന്നത്.
https://www.facebook.com/share/v/stGGjjio9tVLF34j/?mibextid=oFDknk