ന്യൂഡല്‍ഹി: ‘എന്നെ വിമര്‍ശിക്കാം. ഞാന്‍ ഒരു ഹീറോ അല്ല. ഞാന്‍ കളങ്കിതനായ വ്യക്തിയാകാം. പക്ഷേ എന്റെ മനഃസാക്ഷിയില്‍ എനിക്ക് തൃപ്തി ഉണ്ട്. എന്റെ സത്യസന്ധത ദൈവത്തിന് മുന്നില്‍ സുതാര്യമാണ്. ഞാന്‍ ആര്‍ക്കും വഴങ്ങില്ല. ദൈവം അല്ലാതെ മറ്റ് ഏതെങ്കിലും ഒരു ശക്തി എന്നെ സ്വാധീനിക്കും എന്ന് തോന്നിയാല്‍ ഞാന്‍ തന്നെ സ്വയം കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറും. എനിക്ക് മുന്‍വിധി ഇല്ല.’ മുന്‍വിധി ഉണ്ടായാല്‍ ഹര്‍ജി കേള്‍ക്കുന്നതില്‍നിന്ന് പിന്മാറുന്ന ആദ്യ വ്യക്തി ആയിരിക്കും.സുപ്രീം കോടതി ജഡ്ജി അരുണ്‍ മിശ്രയുടെ വാക്കുകളാണിത്.
ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ 24-ാം വകുപ്പ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചില്‍നിന്ന് പിന്മാറണം എന്ന അഭിഭാഷന്റെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുടെ വൈകാരികമായ മറുപടി.ജസ്റ്റിസ് മിശ്ര ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതില്‍നിന്ന് പിന്മാറണമെന്ന് ഇന്ത്യന്‍ ഫാര്‍മേഴ്സ് അസോസിയേഷനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാനാണ് കോടതിയില്‍ ആവശ്യമുന്നയിച്ചത്.
ജഡ്ജിമാരെ സാമൂഹികമാധ്യമങ്ങളിലൂടെ വിമര്‍ശിക്കുന്നതിനെയും ജസ്റ്റിസ് അരുണ്‍ മിശ്ര കുറ്റപ്പെടുത്തി. ‘സാമൂഹികമാധ്യമങ്ങളിലൂടെ ജഡ്ജിമാരെ തേജോവധം ചെയ്യാനുള്ള ശ്രമങ്ങള്‍ അനുവദിക്കാനാകില്ല. ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തിയാല്‍ പിന്നെ സുപ്രീം കോടതിയില്‍ എന്താണ് അവശേഷിക്കുകയെന്നും അദ്ദേഹം ചോദിച്ചു. ജസ്റ്റിസ് മിശ്രയുടെ നിലപാടിനെ പിന്തുണച്ച് ഭരണഘടനാ ബെഞ്ചിലെ അംഗങ്ങളായ ജസ്റ്റിസ് വിനീത് ശരണ്‍ ജസ്റ്റിസ് എം ആര്‍ ഷാ എന്നിവരും രംഗത്തെത്തി.മരട് ഫ്‌ളാറ്റ് വിഷയത്തിലടക്കം നിര്‍ണായകമായ നിരവധി കേസുകളില്‍ വിധി പുറപ്പെടുവിച്ചത് ജസ്റ്റിസ് അരുണ്‍ മിശ്രയാണ്.