പെരുന്നാളിന് കുടുംബത്തിന് സര്‍പ്രൈസായി എത്തി; ജുനൈദിൻ്റെയും ഭാര്യയുടെയും മകളുടെയും ഇനിയുള്ള യാത്ര സർപ്രൈസുകൾ ഇല്ലാത്ത ലോകത്തേക്ക്

അഹമ്മദാബാദ്: ലണ്ടനില്‍നിന്ന് അഹമ്മദാബാദിലേക്ക് ജൂണ്‍ ആറിന് വിമാനം കയറുമ്പോള്‍ ജുനൈദ് മുഹമ്മദ് ഒരിക്കലും വിചാരിച്ചിരുന്നില്ല, ഇത് തന്റെ അവസാനത്തെ പെരുന്നാളാഘോഷത്തിനുള്ള യാത്രയാണെന്ന്. കുടുംബത്തെ അറിയിക്കാതെ ‘സര്‍പ്രൈസ്’ നല്‍കിയാണ് ജുനൈദ് വലിയ പെരുന്നാള്‍ ആഘോഷിക്കാന്‍ ലണ്ടനില്‍നിന്ന് ഗുജറാത്തിലേക്ക് തിരിച്ചത്. ഒരാഴ്ച ഇവിടെ തങ്ങിയുള്ള തിരിച്ചുപോക്കിനിടെ വിമാനദുരന്തത്തില്‍ ജുനൈദും ഭാര്യ അകീലും മൂന്നുവയസ്സുള്ള മകള്‍ സനയും ഉള്‍പ്പെട്ടിട്ടുണ്ട്.

മകന്റെ മൃതദേഹം തിരിച്ചറിയാനായി രക്തസാമ്പിള്‍ നല്‍കി ഡിഎന്‍എ കളക്ഷന്‍ സെന്ററില്‍ കാത്തിരിക്കുകയാണിപ്പോള്‍ ജുനൈദിന്റെ പിതാവ് അബ്ദുള്ള മുഹമ്മദ്. ‘കഴിഞ്ഞ വെള്ളിയാഴ്ച അപ്രതീക്ഷിതമായാണ് അവന്‍ പെരുന്നാള്‍ ആഘോഷിക്കാനെത്തിയത്. അവനെക്കണ്ടപ്പോള്‍ ഞങ്ങളാകെ സന്തോഷിക്കുകയും കുടുംബം ഒരുമിച്ച് ആഘോഷിക്കുകയും ചെയ്തിരുന്നു’ ബി.ജെ. മെഡിക്കല്‍ കോളേജിലെ ഡിഎന്‍എ കളക്ഷന്‍ സെന്ററിലിരുന്ന് പിതാവ് ഇത് പറയുമ്പോള്‍ കരയുന്നുണ്ടായിരുന്നു.

ദുരന്തം നടക്കുന്നതിന് അരമണിക്കൂര്‍ മുന്‍പാണ് പിതാവുമായി ജുനൈദ് അവസാനം സംസാരിച്ചത്. സുരക്ഷാ പരിശോധന കഴിഞ്ഞെന്ന് അറിയിച്ചിരുന്നു. ജുനൈദ് എപ്പോഴും സന്തോഷവാനായി ജീവിച്ചിരുന്ന മനുഷ്യനായിരുന്നെന്ന് പിതാവ് പറയുന്നു. പെരുന്നാളിന് വന്ന് സ്വന്തം ക്യാമറയില്‍ കുടുംബത്തിന്റെ പെരുന്നാള്‍ ആഘോഷ വീഡിയോകള്‍ ഒരുപാട് പകര്‍ത്തിയിരുന്നു.

വീഡിയോ ഷൂട്ടിങ് അവന് ഇഷ്ടമായിരുന്നെന്നും പിതാവ് പറഞ്ഞു. ലണ്ടനില്‍ ജനിച്ചുവളര്‍ന്ന ജുനൈദ് അവിടെ ഒരു ജോബ് പ്ലേസ്‌മെന്റ് കമ്പനി നടത്തുകയായിരുന്നു. ബ്രിട്ടീഷ് പൗരത്വമുണ്ടെങ്കിലും അവന്‍ പലപ്പോഴും ഇന്ത്യയിലേക്ക് വരാറുണ്ടായിരുന്നെന്നും അബ്ദുള്ള പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News