കൊച്ചി: കെവിന്‍ വധക്കേസ് പ്രതി ടിറ്റു ജെറോമിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മര്‍ദിച്ചത് ജയില്‍ ജീവനക്കാരെന്നു ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ട്. പുറത്തുചവിട്ടിയെന്നും ചൂരല്‍കൊണ്ട് അടിച്ചെന്നും ടിറ്റു ജെറോം പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. ഹൈക്കോടതി രജിസ്ട്രാര്‍ക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ശരീരത്തിലുണ്ടെന്നും വൃക്കയോടു ചേര്‍ന്ന ഭാഗത്താണു മര്‍ദ്ദനമേറ്റതെന്നു ഡോക്ടര്‍മാരുടെ പരിശോധനയില്‍ സ്ഥിരീകരിച്ചതായും ജഡ്ജിയുടെ റിപ്പോര്‍ട്ടിലുണ്ട്.
ടിറ്റു ജെറോമിന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മര്‍ദനമേറ്റതുമായി ബന്ധപ്പെട്ടു മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റിയിരുന്നു. ടിറ്റു ജെറോമിനു മര്‍ദനമേറ്റ സമയത്തു ഡ്യൂട്ടിയിലിലുണ്ടായിരുന്ന മൂന്നു പ്രിസണ്‍ ഓഫീസര്‍മാരെയാണു സ്ഥലംമാറ്റിയത്. ബിജുകുമാര്‍, സനല്‍ എന്നിവരെ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലേക്കും ബിജുവിനെ നെയ്യാറ്റിന്‍കര സ്‌പെഷല്‍ സബ് ജയിലിലേക്കുമാണു മാറ്റിയത്.
ടിറ്റുവിന് മര്‍ദനമേറ്റ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. ജയില്‍മേധാവി ഋഷിരാജ് സിംഗ് ആണ് സ്ഥലമാറ്റ ഉത്തരവ് പുറപ്പെടുത്തിച്ചത്. രണ്ട് ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാരെയും ഒരു അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറെയുമാണ് സ്ഥലംമാറ്റാന്‍ നിര്‍ദേശിച്ചത്. സ്ഥലംമാറ്റ ഉത്തരവ് വൈകാതെ പുറത്തിറങ്ങും. സംഭവത്തില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം ഡിഐജി തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കും. ചീഫ് വെല്‍ഫയര്‍ ഓഫീസര്‍ വി.പി. സുനില്‍കുമാറിനാണ് അന്വേഷണച്ചുമതല. ഉദ്യോഗസ്ഥരില്‍നിന്നും സഹതടവുകാരില്‍നിന്നുമാണ് മൊഴി എടുക്കുന്നത്.
മര്‍ദനമേറ്റ ടിറ്റു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ടു വകുപ്പുതല അന്വേഷണവും ആരംഭിച്ചു.ജില്ലാ ജഡ്ജി എന്‍. ശേഷാദ്രിനാഥനും ഡിഎംഒയും ടിറ്റുവില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പ്രാഥമിക റിപ്പോര്‍ട്ട് വെള്ളിയാഴ്ച തന്നെ ഹൈക്കോടതിക്ക് സമര്‍പ്പിച്ചു.
കെവിന്‍ കൊലപാതകക്കേസില്‍ ശിക്ഷിപ്പെട്ട ടിറ്റു ജെറോം 2019 ഓഗസ്റ്റ് മുതല്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവിലാണ്. മകനെക്കുറിച്ചു വിവരമില്ലെന്നും ജയിലധികൃതര്‍ മര്‍ദിച്ചതായി സംശയമുണ്ടെന്നും കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതോടെ ഹൈക്കോടതി ജഡ്ജിയുടെ നിര്‍ദേശപ്രകാരം ജില്ലാ ജഡ്ജി ജയിലിലെത്തി പരിശോധന നടത്തി. ജയില്‍ ഡിഐജിയോടും ഡിഎംഒയോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ടിറ്റോയ്ക്കു മര്‍ദനമേറ്റതായി കണ്ടെത്തുകയായിരുന്നു.