വഖഫ് ബില്ലിന് ജെപിസി അംഗീകാരം, പ്രതിപക്ഷത്തിന്റെ 44 നിർദേശങ്ങളും തള്ളി

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ച വഖഫ് ബില്ലിനു സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) അംഗീകാരം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കരട് രേഖയില്‍ 14 ഭേദ​ഗതികൾ വരുത്തിയാണ് ബില്ലിന് ജെപിസി അംഗീകാരം നല്‍കിയത്. അമുസ്‌ലിങ്ങളായ രണ്ടുപേർ ഭരണസമിതിയിൽ ഉണ്ടാകുമെന്നതുൾപ്പടെയുള്ളവ അം​ഗീകാരം നൽകിയവയിൽ ഉൾപ്പെടും.

പ്രതിപക്ഷം നിർദേശിച്ച 44 ഭേദഗതികളെല്ലാം വോട്ടിനിട്ട് തള്ളുകയും ചെയ്തു. 10 എംപിമാർ പ്രതിപക്ഷ ഭേദഗതികളെ പിന്തുണച്ചപ്പോൾ 16 പേർ എതിർത്തു. ഭരണപക്ഷത്തിന്‍റെ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തിയാവും റിപ്പോർട്ട് സമർപ്പിക്കുക. ഫെബ്രുവരി 13 നകം റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു ജെപിസിക്ക് സമയം അനുവദിച്ചിരുന്നത്.

രാജ്യത്തെ മുസ്ലീം ചാരിറ്റബിള്‍ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ ആകെ 44 ഭേദഗതികളാണ് ബില്ലില്‍ നിര്‍ദേശിക്കുന്നത്.കഴിഞ്ഞവർഷം ഓഗസ്റ്റ് എട്ടിനാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

പ്രതിപക്ഷസഖ്യത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് വിശദമായ ചര്‍ച്ചകള്‍ക്ക് ബില്‍ ജോയിന്റ് പാര്‍ലമെന്ററി സമിതിക്ക് വിടുകയായിരുന്നു. അതേസമയം, ജെ.പി. സി. യോഗത്തിൽ ബഹളം ഉണ്ടാക്കിയെന്നാരോപിച്ച് കഴിഞ്ഞ ദിവസം 10 പ്രതിപക്ഷ എം.പി.മാരെ സസ്പെൻഡ് ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News