കല്‍പ്പറ്റ പ്രവാസി വ്യവസായി ജോയി അറയ്ക്കലിന്റെ മരണവുമായി ബന്ധപ്പെട്ട് ദുബായി പോലീസിന്റെ കണ്ടെത്തലുകള്‍ തള്ളി ജോയിയുടെ കുടുംബം. ജോയി അറക്കലിന്റെ ആത്മഹത്യ സാമ്പത്തിക ബാധ്യതയെതുടര്‍ന്നാണെന്ന ദുബായ് പൊലീസിന്റെ കണ്ടെത്തല്‍ കുടുംബം നിഷേധിയ്ക്കുന്നു.വ്യവസായി ബിആര്‍ ഷെട്ടിയുമായി ജോയിക്ക് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നില്ലെന്നും കുടുംബം പ്രതികരിച്ചു. വയനാട് മാനന്തവാടി സ്വദേശിയായ പ്രമുഖ വ്യവസായി ജോയി അറക്കല്‍ ഏപ്രില്‍ 23 നാണ് ദുബായില്‍ മരിച്ചത്. ബര്‍ദുബായിലെ ബിസിനസ് ബേ കെട്ടിടത്തിന്റെ 14ാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കിയതാണെന്നാണ് ദുബായ് പൊലീസ് വ്യക്തമാക്കിയത്. മരണത്തില്‍ ക്രിമിനല്‍ ഗൂഢാലോചനയില്ലെന്നും സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നുമാണ് ദുബായ് പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ ജോയിക്ക് പറയത്തക്ക സാമ്പത്തിക ബാധ്യതകളൊന്നുമുണ്ടായിരുന്നില്ലെന്ന് കുടുംബം പറയുന്നു.
ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ വ്യക്തമല്ല. ദുബായിലും കേരളത്തിലും മരണത്തെ സംബന്ധിച്ച് നടക്കുന്ന അന്വേഷണങ്ങളോട് പൂര്‍ണമായും സഹകരിക്കും. സമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്നും, ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജോയിയുടെ സഹോദരന്‍ അറക്കല്‍ ജോണി പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ സംസ്‌കാര ചടങ്ങുകള്‍ക്കു്‌ശേഷം വെളിപ്പെടുത്തും. ദുബായില്‍നിന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുകയാണ്. പ്രത്യേക ചാര്‍ട്ടഡ് വിമാനത്തില്‍ ജോയിയുടെ ഭാര്യയും കുട്ടികളും മൃതദേഹത്തെ അനുഗമിക്കും.