മാധ്യമപ്രവര്‍ത്തകനേയും സുഹൃത്തിനേയും മരിച്ച നിലയില്‍ കണ്ടെത്തി : സംഭവം കൊലപാതകം

ലക്‌നൗ : മാധ്യമപ്രവര്‍ത്തകനേയും സുഹൃത്തിനേയും മരിച്ച നിലയില്‍ കണ്ടെത്തി . ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരിലാണ് 45 കാരനായ മാധ്യമപ്രവര്‍ത്തകനെയും സുഹൃത്തിനെയും ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു ഹിന്ദി ദിനപത്രത്തിലെ മാധ്യമ പ്രവര്‍ത്തകനായ രാകേഷ് സിംഗ്, സുഹൃത്തായ പിന്റു സാഹു ( 45 ) എന്നിവരെയാണ് ഇന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്.

പൊള്ളലേറ്റ ഇരുവരെയും ലക്‌നൗവിലുള്ള കെ.ജി.എം.യു ട്രോമാ സെന്ററില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരണമടഞ്ഞു. കല്‍വാരി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന രാകേഷിന്റെ വീട്ടിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. സംഭവം കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.

വാതില്‍ പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ഇരുവരെയും കണ്ടെത്തിയ മുറിയില്‍ മാത്രമാണ് തീപിടുത്തം ഉണ്ടായത്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവ സമയം, രാകേഷിന്റെ ഭാര്യ മക്കളുമായി തന്റെ മാതാപിതാക്കളുടെ വീട്ടിലായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News