മാധ്യമപ്രവര്‍ത്തകനെ കാറിനുള്ളില്‍ മരിച്ച നിലയില്‍
ലക്‌നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മാധ്യമപ്രവര്‍ത്തകനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആശു യാദവ് എന്ന മാധ്യമപ്രവര്‍ത്തകനാണ് മരിച്ചത്. ശ്വാസംമുട്ടി മരിച്ചനിലയില്‍ പിന്‍സീറ്റിലായിരുന്നു മൃതദേഹമെന്ന് ബാറ പൊലീസ് പറഞ്ഞു.
ജനുവരി ഒന്നിന് ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ബാര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ അജ്ഞാത കാര്‍ കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
കാറിന്റെ പിന്‍സീറ്റിലായിരുന്നു മൃതദേഹം. ഫോറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തിയതായും ശ്വാസം മുട്ടിയാണ് മരിച്ചതെന്നും കാണ്‍പൂര്‍ സൗത്ത് എസ്.എസ്.ബി ദീപക് കപൂര്‍ പറഞ്ഞു. കൊലപാതകമാണോ എന്ന കാര്യം വ്യക്തമല്ല. മരണകാരണം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷമേ പറയാനാകൂവെന്നും പൊലീസ് അറിയിച്ചു.