HealthKeralaNews

കൊവിഡ് വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്താന്‍ സാന്ദ്രതാ പഠനവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കൊവിഡ്-19 രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്തുന്നതിനും അനുയോജ്യമായ പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനുമായി സംസ്ഥാന ആരോഗ്യ വകുപ്പ് കൊവിഡ്-19 സാന്ദ്രതാ പഠനം നടത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സാര്‍സ് കോവിഡ് 2 (SARS COV2) ആന്റീബോഡിയുടെ സാന്നിദ്ധ്യം എത്രത്തോളം ആളുകളില്‍, പ്രത്യേകിച്ച് അപകട സാധ്യത കൂടുതലുള്ള ആളുകളില്‍ ഉണ്ട് എന്ന് മനസിലാക്കുകയാണ് ഈ പഠനത്തിന്റെ പ്രധാന ലക്ഷ്യം. രോഗത്തിന്റെ അടുത്തഘട്ട വ്യാപന സാധ്യത മനസിലാക്കുന്നതിനും മുന്നൊരുക്കങ്ങള്‍ നടത്തുവാനും നയപരമായ തീരുമാനങ്ങള്‍ കൈക്കൊളളുന്നതിനും ഈ പഠനം സഹായിക്കും.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി.ഇ.ഐ.ഡി. സെല്‍ നോഡല്‍ ഓഫീസറുടെയും മേല്‍നോട്ടത്തിലാണ് ഈ പഠനം നടത്തുന്നത്. ജില്ലാ തലത്തില്‍ ജില്ലാ സര്‍വൈയ്ലന്‍സ് ഓഫീസര്‍ ഈ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയും ഏകോപിപ്പിക്കുകയും ചെയ്യും.

താലൂക്കാശുപത്രികളിലെ സൂപ്രണ്ടായിരിക്കും അതാത് പഠനമേഖലയില്‍ നേതൃത്വം നല്‍കുന്നത്. ആരോഗ്യ വകുപ്പിലെ ജില്ലാ സര്‍വൈയ്ലന്‍സ് ഓഫീസര്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും, പോലീസ് സ്റ്റേഷനുകളുടെയും ലിസ്റ്റ് തയ്യാറാക്കുകയും അതില്‍ നിന്നും 5 വീതം സ്ഥാപനങ്ങളെ ഓരോ ജില്ലയില്‍ നിന്നും പഠനത്തിനായി തെരഞ്ഞെടുക്കുകയും ചെയ്യുന്നു. ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ട ഓരോ സ്ഥലങ്ങളില്‍ നിന്നും 12 പേരെ വീതം പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ്.

സംസ്ഥാനത്താകമാനം 18 വയസിന് മുകളിലുള്ള 12,100-ഓളം ആളുകളില്‍ പഠനം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഒരു ജില്ലയില്‍ ഏറ്റവും കുറഞ്ഞത് 350 സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കും. ഇതുകൂടാതെ ഓരോ ജില്ലയില്‍ നിന്നും കോവിഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍, പോലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്ന് 240 സാമ്പിളുകള്‍ പരിശോധിക്കുന്നതാണ്. ഗ്രാമ, നഗര മേഖലകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കുകയും സാമ്പിള്‍ ശേഖരണത്തിന് മുമ്പായി ആളുകളുടെ സമ്മതപത്രം വാങ്ങുന്നതുമാണ്. ഇത് കൂടാതെ 5000-ഓളം രക്ത സാമ്പിളുകള്‍ ലാബുകളില്‍ നിന്നും രക്ത ബാങ്കുകളില്‍ നിന്നും ശേഖരിച്ച് പഠന വിധേയമാക്കുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker