സംവിധായകന്‍ ജോഷിയുടെ വീട്ടിലെ മോഷണം: പ്രതി ഉഡുപ്പിയിൽ പിടിയില്‍
കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. ബിഹാർ സ്വദേശി മുഹമ്മദ് ഇർഷാദ് ആണ് പിടിയിലായത്. കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. മോഷ്ടിച്ച ആഭരണങ്ങളും ഇയാള്‍ സഞ്ചരിച്ച കാറും പൊലീസ് പിടിച്ചെടുത്തു.
മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള കാറിലാണ് പ്രതി കടന്നു കളഞ്ഞതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് വിവരം കര്‍ണാടക പൊലീസിന് കൈമാറുകയായിരുന്നു. മുംബൈയില്‍ നിന്നും ഒറ്റയ്ക്ക് വാഹനം ഓടിച്ച് എത്തി പ്രതി മോഷണം നടത്തി കടന്നുകളയുകയായിരുന്നു എന്നാണ് സൂചന.
കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടില്‍ കഴിഞ്ഞ ദിവസമായിരുന്നു മോഷണം നടന്നത്. ഒരു കോടിയോളം മൂല്യമുള്ള സ്വര്‍ണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വീടിന്റെ പിന്‍ഭാഗം അടുക്കള ഭാഗത്തെ ജനല്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തു കടന്നത്. സിസിടിവി ദൃശ്യങ്ങളില്‍ കള്ളന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.