തിരുവനന്തപുരം: അവിശ്വാസപ്രമേയ ചര്‍ച്ചയിലും, രാജ്യസഭാ തെരെഞ്ഞെടുപ്പിലും പാര്‍ട്ടി വിപ്പ് ലംഘിച്ച പി ജെ ജോസഫിനെയും മോൻസ് ജോസഫിനെയും അയോഗ്യര്‍ ആക്കണമെന്നാവശ്യപ്പെട്ട് ജോസ് വിഭാഗം സ്പീക്കര്‍ക്ക് പരാതി നല്‍കി. പ്രഫ എന്‍ ജയരാജാണ് കത്ത് നല്‍കിയത്. കഴിഞ്ഞ 24 നാണ് രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പും അവിശ്വാസ പ്രമേയ ചർച്ചയും നടന്നത്.
ഇതിൽ നിന്നും വിട്ടു നിൽക്കണം എന്നാവശ്യപ്പെട്ട് എംഎൽഎ മാരായ പി ജെ ജോസഫ്, മോൻസ് ജോസഫ്, സി എഫ് തോമസ് എന്നിവർക്ക് റോഷി അഗസ്റ്റിൻ വിപ്പ് നൽകിയിരുന്നു. ഇത് ലംഘിച്ച് പി ജെ ജോസഫും മോൻസ് ജോസഫും വോട്ടു ചെയ്തു. കെ എം മാണി മരിച്ചതിന് ശേഷം ചേർന്ന പാർലമെന്‍ററി പാർട്ടി യോഗം മോൻസ് ജോസഫിനെ വിപ്പായി തെരഞ്ഞെടുത്തിരുന്നു. അതിനാൽ മോൻസ് നൽകിയ വിപ്പാണ് നില നിൽക്കുകയെന്നായിരുന്നു ജോസഫ് വിഭാഗത്തിന്‍റെ വാദം.