KeralaNews

കോട്ടയം മെഡിക്കല്‍ കോളേജ്: കാര്‍ഡിയോളജി ബ്ലോക്കിന് 36.42 കോടി അനുവദിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 200 കിടക്കകളുള്ള പുതിയ കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് ബ്ലോക്കിന്റെ നിര്‍മ്മാണത്തിന് നബാഡിന്റെ ധനസഹായത്തോടെ 36.42 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൃദ്രോഗ ചികിത്സയ്ക്കായി പ്രത്യേകമായൊരു ബ്ലോക്ക് വരുന്നത് മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് വിഭാഗങ്ങളുടെ വികസനത്തിന് വഴിയൊരുക്കും. ഇതിലൂടെ ഈ വിഭാഗങ്ങളിലെത്തുന്ന രോഗികള്‍ക്ക് കൂടുതല്‍ മികച്ച സേവനം ലഭ്യമാകുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോട്ടയം മെഡിക്കല്‍ കേളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മധ്യകേരളത്തിലെ മികച്ച പൊതുജനാരോഗ്യ കേന്ദ്രമായ കോട്ടയം മെഡിക്കല്‍ കോളജിന്റെ വികസനത്തിനുതകുന്ന ചില പദ്ധതികളാണ് ഉദ്ഘാടനം ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂര്‍ത്തീകരിച്ച അഞ്ച് പദ്ധതികളുടെ ഉദ്ഘാടനവും പുതുതായി ആരംഭിക്കുന്ന രണ്ട് പദ്ധതികളുടെ നിര്‍മാണോദ്ഘാടനവുമാണ് നടന്നത്. പുതിയ വാര്‍ഡുകളും ഐസിയുവും, നെഗറ്റീവ് പ്രഷര്‍ ഐസിയു, മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള ഹോസ്റ്റല്‍, പിജി വിദ്യാര്‍ത്ഥികള്‍ ക്കായി നിര്‍മിച്ച റസിഡന്റ് ക്വാര്‍ട്ടേഴ്‌സ്, ടോയ്‌ലറ്റ് കോംപ്ലക്‌സ് എന്നിവയുമാണ് ഉദ്ഘാടനം ചെയ്തത്.

രണ്ട് പൂതിയ നിര്‍മാണ പ്രവത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. 134.45 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സര്‍ജിക്കല്‍ ബ്ലോക്ക്, മൂന്ന് കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന മെഡിക്കല്‍ ആന്‍ഡ് സര്‍ജിക്കല്‍ സ്റ്റോര്‍ എന്നിവയാണവ. ഈ മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി തയ്യാറാക്കിയ മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെട്ടതാണ് സര്‍ജിക്കല്‍ ബ്ലോക്ക്. 564 കോടി രൂപ മുതല്‍മുടക്കുള്ള ഈ ബ്ലോക്കിന്റെ ആദ്യഘട്ട നിര്‍മാണത്തിനാണ് കിഫ്ബി വഴി 134.45 കോടി രൂപയുടെ സാമ്പത്തികാനുമതി നല്‍കിയത്. രണ്ടുവര്‍ഷം കൊണ്ട് പണി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

ആശുപത്രിയിലേക്കാവിശ്യമായ മരുന്നുകളും മറ്റു സാധനങ്ങളും സൂക്ഷിച്ചുവെയ്ക്കാനായി വാക്ക്-ഇന്‍-കൂളര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളോടു കൂടിയാണ് മെഡിക്കല്‍ ആന്റ് സര്‍ജിക്കല്‍ സ്റ്റോര്‍ കെട്ടിടം നിര്‍മിക്കുന്നത്. ഇതിന്റെ നിര്‍മാണവും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതാണ്.

കഴിഞ്ഞ അമ്പതാണ്ടുകളായി മധ്യകേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം സേവന വഴികളിലൂടെയും അക്കാദമിക് നിലവാരത്തിലൂടെയും വ്യത്യസ്തത പുലര്‍ത്തുന്ന ഒന്നാണെന്നത് പരക്കെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. കോവിഡിന്റെ ആരംഭ കാലത്ത്, കേരളം ഭയന്നുനിന്ന സമയത്ത് തൊണ്ണൂറ്റിമൂന്നും എണ്‍പത്തിയെട്ടും വയസുള്ള വൃദ്ധദമ്പതികളെ പ്രത്യേക പരിചരണം നല്‍കി ചികിത്സിച്ച് ഭേദമാക്കിയത് ഈ സ്ഥാപനമാണ്. ലോകത്തിനു മുന്നില്‍ കേരളത്തിന്റെ യശസുയര്‍ത്തിയ കാര്യമായിരുന്നു ഇത്.

കേരളത്തില്‍ ആദ്യമായി സര്‍ക്കാര്‍ തലത്തില്‍ ടെസ്റ്റ് ട്യൂബ് ശിശു പിറന്ന ആശുപത്രി, സംസ്ഥാനത്ത് ഏറ്റവുമധികം ട്രോമ സര്‍ജറികള്‍ നടത്തുന്ന അസ്ഥിരോഗ വിഭാഗം, 37 ഡയാലിസിസ് മെഷീനുകളുള്ള ഏറ്റവും വലിയ ഡയാലിസിസ് സെന്റര്‍, സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും ആധുനിക രീതിയില്‍ സജ്ജീകരിച്ച അത്യാഹിത വിഭാഗം, കേരളത്തില്‍ ഏറ്റവും അധികം മൈക്രോ വാസ്‌കുലാര്‍ സര്‍ജറി നടത്തുന്ന പ്ലാസ്റ്റിക് സര്‍ജറി വിഭാഗം തുടങ്ങി നിരവധി പൊന്‍തൂവലുകളുള്ള ഒരു സ്ഥാപനമാണിത്.

ഹൃദയമാറ്റ ശസ്ത്രക്രിയാരംഗത്തും ദേശീയതലത്തില്‍ അറിയപ്പെടുന്ന സ്ഥാപനമാണിത്. സര്‍ക്കാര്‍ മേഖലയില്‍ ഏഴ് ഹൃദയമാറ്റ ശസ്ത്രക്രിയ ചെയ്ത മറ്റൊരു സ്ഥാപനമില്ല. ഇന്ത്യയില്‍ ഏറ്റവും അധികം പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്ന കാര്‍ഡിയോളജി വിഭാഗവും ഇവിടെയാണ്. അതുകൊണ്ടുതന്നെ ഈ വിഭാഗത്തെ ശക്തിപ്പെടുത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വലിയ പരിഗണനയാണ് നല്‍കിവരുന്നത്. ഈ സൗകര്യങ്ങളെല്ലാം ഉപയോഗിച്ച് നമ്മുടെ നാട്ടിലെ സാധാരണക്കാര്‍ക്ക് മികച്ച സേവനം നല്‍കുന്ന കാര്യത്തിലാകണം ശ്രദ്ധയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിന് അഭിമാനസ്തംഭമായി മാറുകയാണ് കോട്ടയം മെഡിക്കല്‍ കോളേജെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ഏറ്റവും അഭിമാനകരമായ ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നുവരുന്നത്. ഓരോ വിഭാഗങ്ങളും അന്താരാഷ്ട്ര ശ്രദ്ധ പുലര്‍ത്താന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ വലിയ ശ്രദ്ധാപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ മെഡിക്കല്‍ കോളേജിന് സാധിച്ചു. പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, ഡെപൂട്ടി സൂപ്രണ്ടുമാര്‍, ആര്‍.എം.ഒ., എ.ആര്‍.എം.ഒ. തടുങ്ങിയവരുടെ നല്ലൊരു ടീം വര്‍ക്കാണ് കോട്ടയം മെഡിക്കല്‍ മെഡിക്കല്‍ കോളേജിന്റെ വിജയത്തിന് പിന്നില്‍. ഇവര്‍ മറ്റുള്ളവര്‍ക്ക് മാതൃകയാണ്. സാധാരണക്കാര്‍ കൂടുതലെത്തുന്ന സര്‍ക്കാര്‍ ആശുപത്രികളെ ഏറ്റവും ആധുനികവും മികച്ച സൗകര്യങ്ങളൊരുക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മെഡിക്കല്‍ കോളേജുകളുടെ വികസന പ്രവവര്‍ത്തനങ്ങളില്‍ ആദ്യഘട്ടമായി ഏറ്റവും അധികം തുക അനുവദിച്ച് കിട്ടിയത് കോട്ടയം മെഡിക്കല്‍ കോളേജിനാണ്. അതിനായി പരിശ്രമിച്ച സൂപ്രണ്ട് ജയകുമാറിനേയും ടീമിനേയും അഭിനന്ദിക്കുന്നു. സര്‍ജിക്കല്‍ ബ്ലോക്ക് പ്രവര്‍ത്തനസജ്ജമാകുന്നതോടെ കോട്ടയം മെഡിക്കല്‍ കോളേജിന്റെ മുഖഛായ തന്നെ മാറുമെന്ന് മന്ത്രി വ്യക്തമാക്കി.

കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന സ്വാഗതമാശംസിച്ച ചടങ്ങില്‍ ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. സുരേഷ് കുറുപ്പ് എം.എല്‍.എ., തോമസ് ചാഴികാടന്‍ എം.പി. എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, മുന്‍ എം.എല്‍.എ.യും എച്ച്.ഡി.എസ്. സ്‌പെഷ്യല്‍ നോമിനിയുമായ വി.എന്‍. വാസവന്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംല ബീവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ജസ്റ്റിന്‍ ജോസഫ്, ലിസി ടോമി, പി.ഡബ്ല്യു.ഡി. എക്‌സി. എഞ്ചിനീയര്‍ അനിത മാത്യു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മഹേഷ് ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി. മൈക്കള്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ എല്‍സമ്മ വേളാശേരില്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.പി. ജയകുമാര്‍, ഡി.പി.എം. ഡോ. വ്യാസ് സുകുമാരന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ. പി.പി. മോഹനന്‍ കൃതജ്ഞത രേഖപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker