ഐ.ഐ.ടി.പ്രൊഫസര്‍ ജോളിയ്ക്ക് ബിരുദം പോലുമില്ല,മോഷണത്തേത്തുടര്‍ന്ന് ബി.കോം രണ്ടാവര്‍ഷത്തില്‍ പഠിപ്പ് നിര്‍ത്തിയ ജോളി കൂടത്തായിയിലെത്തിയപ്പോള്‍ എം.കോംകാരി,നുണക്കൂടാരങ്ങള്‍ ഓരോന്നായി പൊളിഞ്ഞടുങ്ങുമ്പോള്‍

കോഴിക്കോട്: ചാത്തമംഗലം ഐ.ഐ.ടിയില്‍ അസിപ്രൊഫസറെന്ന് തെറ്റിദ്ധരിപ്പിച്ച് 12 വര്‍ഷം വിലസിയ കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ജോസഫിന് ബിരുദം പോലുമില്ലെന്ന് സ്ഥിരീകരണം.ജോളിയുടെ സഹപാഠികളില്‍ ചിലരുമായി ബന്ധപ്പെട്ടപ്പോള്‍ പാലായിലെ സെന്റ് ജോസഫ് പാരലല്‍ കോളേജില്‍ ബിരുദം പോലും പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരിയ്ക്കുന്നത്. 1992-95 ബാച്ചിലാണ് ജോളി ബികോം പഠിച്ചിരുന്നത്. എന്നാല്‍ ഹോസ്റ്റലിലെ പ്രശ്‌നങ്ങള്‍ മൂലം 1994 ല്‍ പഠനം അവസാനിപ്പിച്ചതായാണ് സഹപാഠികള്‍ പറയുന്നത്.പോലീസിന്റെ ചോദ്യം ചെയ്യലില്‍ ജോളിയും ഇക്കാര്യം സ്ഥിരീകരിച്ചു.

പൊന്നാമറ്റത്തെ മരുമകളായി 22 വര്‍ഷം മുമ്പെത്തുമ്പോള്‍ എം.കോ ബിരുധദാരിയാണെന്നാണ് കുടുംബത്തെ ധരിപ്പിച്ചിരുന്നത്.എം.കോമിന് 50 ശതമാനം മാര്‍ക്ക് നേടാന്‍ കഴിയാതെ വന്നതിനാല്‍ വീണ്ടും പരീക്ഷയെഴുതി 55 ശതമാനം മാര്‍ക്ക് ലഭിച്ചതായി വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് പി.എച്ച്.ഡി നേടാന്‍ തയ്യാറെടുക്കുകയാണെന്നും പറഞ്ഞു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം കളവാണെന്ന് തെളിഞ്ഞു കഴിഞ്ഞു.മൊഴിയെടുക്കലില്‍ ജോളിയുടെ മാതാപിതാക്കളും ഇക്കാര്യം സ്ഥിരീകരിച്ചു.