കൊച്ചി: നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ അറസ്റ്റിന് വഴങ്ങേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനം. നേതൃത്വം ആവശ്യപ്പെട്ടാല്‍ മാത്രം കീഴടങ്ങുമെന്ന് പ്രതിപട്ടികയിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. പ്രതിചേര്‍ക്കപ്പെട്ട പ്രമുഖ നേതാക്കള്‍ ഒളിവിലെന്ന് പോലീസ് പറയുന്നു. എന്നാല്‍ പോലീസിന്റെ ആരോപണം കോണ്‍ഗ്രസ് നിഷേധിച്ചു. പ്രതികളുടെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.
നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ രാഷ്ട്രീയാരോപണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. പ്രശ്ന പരിഹാരത്തിന് ഇരു വിഭാഗങ്ങളും തയാറായിരുന്നു. എന്നാല്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് സിപിഐഎം എംഎല്‍എയുടെ സാന്നിധ്യം വേണമെന്ന ആവശ്യമാണ് പ്രതിസന്ധിയ്ക്ക് കാരണമായതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
അതേസമയം കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ പോലീസ് ഇതുവരെ നടപടി സ്വീകരിക്കാത്തത് സിപിഐ ഇടപെടല്‍ മൂലമാണെന്ന് ആരോപണമുണ്ട്. ഇതിനെതിരെ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടയുള്ള പരസ്യ പ്രതികരണത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. എട്ട് പ്രതികളുള്ള കേസില്‍ ഇതുവരെ രണ്ട് പേരെ മാത്രമാണ് പിടികൂടിയത്. ബാക്കിയുള്ളവരെ ഉടന്‍ പിടികൂടുമെന്നാണ് പോലീസ് പറയുന്നത്.