26.5 C
Kottayam
Saturday, April 27, 2024

ജോണ്‍ ബ്രിട്ടാസും വി ശിവദാസനും മത്സരിക്കും; സി.പി.എം രാജ്യസഭാ സ്ഥാനാര്‍ത്ഥികളായി

Must read

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥികളായി ജോണ്‍ ബ്രിട്ടാസും ഡോ.വി. ശിവദാസും മത്സരിക്കും. മുഖ്യമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവായിരുന്ന ബ്രിട്ടാസ് കൈരളി ടി.വി എംഡിയാണ്.

ഡോ. വി. ശിവദാസന്‍ സി.പി.എം സംസ്ഥാന സമിതി അംഗമാണ്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇരുവര്‍ക്കും അംഗീകാരം നല്‍കിയത്. കാലാവധി പൂര്‍ത്തിയാകുന്ന കെ.കെ. രാഗേഷിന് വീണ്ടും അവസരം ലഭിക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി അനുമതി നല്‍കിയില്ല.

വയലാര്‍ രവി, കെ.കെ. രാഗേഷ്, പി.വി. അബ്ദുള്‍ വഹാബ് എന്നിവര്‍ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് തെരഞ്ഞെുപ്പ് നടക്കുന്നത്. ഏപ്രില്‍ 30നാണ് തെരഞ്ഞെടുപ്പ്. കൊവിഡ് സാഹചര്യത്തില്‍ വോട്ടെടുപ്പ് ഒഴിവാക്കുന്നതിനെ പറ്റി ഇരുമുന്നണികളും ആലോചിക്കുന്നുണ്ട്. രണ്ട് സ്ഥാനാര്‍ത്ഥികളെ മാത്രം നിര്‍ത്തി വോട്ടെടുപ്പ് ഒഴിവാക്കാനാണ് സിപിഐഎമ്മിനുളളില്‍ നിലവിലെ ധാരണ.

രാജ്യസഭയിലേക്ക് കെകെ രാഗേഷിനെ വീണ്ടും പരിഗണിക്കണമെന്ന് കേന്ദ്രനേതൃത്വം നിർദ്ദേശിച്ചിരുന്നു. രാജ്യസഭയിൽ രാഗേഷിന്‍റെ പ്രവർത്തനം മികച്ചതെന്ന് അവയിലബിൾ പിബി വിലയിരുത്തി. എന്നാൽ ടേംവ്യവസ്ഥയിൽ ഇളവ് ഇപ്പോൾ സാധ്യമല്ലെന്ന് സംസ്ഥാന നേതൃത്വം നിലപാടെടുത്തു നിയമസഭയിലേക്ക് ടേം നിബന്ധന നടപ്പാക്കിയത് സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടി. ഇതോടെയാണ് കെ കെ രാഗേഷിനെ ഒഴിവാക്കി, പകരം സാധ്യതാപട്ടികയിലുണ്ടായിരുന്നവർക്ക് അവസരം നൽകാൻ തീരുമാനമായത്.

ദേശാഭിമാനിയുടെ ദില്ലി ബ്യൂറോ ചീഫായിരുന്നു ജോൺ ബ്രിട്ടാസ്. പിന്നീട് കൈരളി ടിവി തുടങ്ങിയപ്പോൾ ചാനലിന്‍റെ ചീഫ് എഡിറ്ററും പിന്നീട് എംഡിയുമായി. ദില്ലിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖരെ കാണാനെത്തുമ്പോൾ എപ്പോഴും മുഖ്യ ഉപദേഷ്ടാക്കളിലൊരാളായ ജോൺ ബ്രിട്ടാസും ഒപ്പമുണ്ടാകാറുണ്ട്.

എസ്എഫ്ഐയുടെ ദേശീയമുഖമായിരുന്നു ഡോ. വി ശിവദാസൻ. എസ്എഫ്ഐയുടെ ദേശീയപ്രസിഡന്‍റായിരിക്കേ, പല ദേശീയ വിദ്യാർത്ഥിപ്രക്ഷോഭങ്ങളുടെയും നേതൃനിരയിൽ അദ്ദേഹമുണ്ടായിരുന്നു. ആ സ്ഥാനമൊഴിഞ്ഞ ശേഷം ഇപ്പോൾ സിപിഎം സംസ്ഥാനസമിതിയംഗമായി അദ്ദേഹം.

കേരളത്തിൽ നിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങളുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 20- വരെയാണ് പത്രിക നൽകാനുള്ള തീയതി. തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ഒഴിവായേക്കും. അംഗബലം അനുസരിച്ച് എൽഡിഎഫിന് രണ്ട് പേരെയും യുഡിഎഫിന് ഒരാളെയുമാണ് ജയിപ്പിക്കാനാകുക. 3 ഒഴിവുകളിലേക്ക് 3 പത്രിക മാത്രം ലഭിച്ചാൽ മത്സരം ഒഴിവാകും. മൂന്ന് പത്രികകൾ തന്നെയേ നൽകാൻ സാധ്യതയുള്ളൂ എന്നാണ് വിവരം.

മുസ്ലിം ലീഗ് നേതാവ് അബ്ദുൽ വഹാബ് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നിയമസെക്രട്ടറിക്ക് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പി കെ കുഞ്ഞാലിക്കുട്ടി, സാദിഖ് അലി ശിഹാബ് തങ്ങൾ എന്നിവർക്കൊപ്പമാണു പത്രിക സമർപ്പിക്കാനെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week