News

ജെ.എന്‍.യു ക്യാമ്പസിലെ പീഡന ശ്രമം; ഒരാള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ജെഎന്‍യു ക്യാമ്പസിനുള്ളില്‍ ഗവേഷക വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍. ഡല്‍ഹി മുനീര്‍കയില്‍ സ്ഥിരതാമസക്കാരനായ ബംഗാള്‍ സ്വദേശി അക്ഷയ് ആണ് പിടിയിലായത്. ഇയാള്‍ ജെഎന്‍യു വിദ്യാര്‍ത്ഥിയല്ലെന്ന് ഡിസിപി ഗൗരവ് ശര്‍മ വ്യക്തമാക്കി. 500 ലധികം സിസിടി വി ക്യാമറകള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. 60 പൊലീസുകാര്‍ അന്വേഷണത്തിന്റെ ഭാഗമായെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഈ മാസം 18നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ടിക്കറ്റിംഗ് ജോലികള്‍ക്കായി ക്യാമ്പസില്‍ വരാറുണ്ടായിരുന്ന വ്യക്തിയാണ് അക്ഷയ്. സംഭവി ദിവസം രാത്രി 11.45 ഓടെ ക്യാമ്പസില്‍ മദ്യപിച്ചെത്തിയ അക്ഷയ്, ജോഗിംഗ് നടത്തുകയായിരുന്ന ഗവേഷക വിദ്യാര്‍ത്ഥിയെ കടന്ന് പിടിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനി ഒച്ചവെച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു.

വസന്ത് കുഞ്ച് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് അറസ്റ്റ് നടന്നത്. അറസ്റ്റ് വൈകുന്നതിനെതിരെ ജെഎന്‍യു സ്റ്റുഡന്റ് യൂണിയന്‍ നേതാവ് ഐഷെ ഖോഷ് പൊലീസിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. സംഭവം നടന്ന് 100 മണിക്കൂര്‍ പിന്നിട്ടിട്ടും അറസ്റ്റ് നടക്കുന്നില്ലെന്നും, ക്യാമ്പസിനകത്ത് സ്ത്രീ സുരക്ഷയെന്നത് മിഥ്യ മാത്രമാണോയെന്നും ഐഷെ ഖോഷ് ചോദിച്ചു. കേസിനാസ്പദമായ സംഭവത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ ആരാഞ്ഞുകൊണ്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ സര്‍വകലാശാല രജിസ്ട്രാര്‍ക്ക് കത്തയച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button