പശ്ചിമേഷ്യൻ സംഘർഷം വില്ലനായി: റിലയൻസ് ജിയോയുടെ 4 ബില്യൺ ഡോളറിന്റെ മെഗാ ഐപിഒ നടപടികൾ അനിശ്ചിതത്വത്തിൽ

ഡൽഹി: ഇന്ത്യൻ ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ വിഭാഗമായ ‘ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിന്റെ’ മെഗാ ഐപിഒ നടപടികൾ അനിശ്ചിതത്വത്തിലായതായി റിപ്പോർട്ട്. ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പൊതുഓഹരി വിൽപ്പനയായി മാറേണ്ടിയിരുന്ന 4 ബില്യൺ ഡോളറിന്റെ (ഏകദേശം 33,000 കോടിയിലധികം രൂപ) ഈ ഐപിഒ പദ്ധതികൾക്ക് നിലവിലെ ഇറാന്റെ യുദ്ധസാഹചര്യങ്ങളാണ് വൻ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. മിഡിൽ ഈസ്റ്റിലെ യുദ്ധം കാരണം ആഗോള തലത്തിലും ഇന്ത്യൻ വിപണിയിലുമുണ്ടായ കടുത്ത അസ്ഥിരതയെത്തുടർന്ന് ഐപിഒ നടപടികളുടെ വേഗത തൽക്കാലത്തേക്ക് കുറയ്ക്കാൻ റിലയൻസ് നിർബന്ധിതരായതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

മിഡിൽ ഈസ്റ്റിലെ സംഘർഷം രൂക്ഷമായതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് വൻതോതിൽ പണം പിൻവലിക്കുന്നത് വിപണിയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടി. ഇത്തരം ഒരു മന്ദഗതിയിലുള്ള വിപണിയിൽ ഐപിഒ നടത്തിയാൽ ജിയോയ്ക്ക് ഉദ്ദേശിച്ച വിപണി മൂല്യം ലഭിക്കില്ലെന്ന് റിലയൻസ് മാനേജ്മെന്റ് ഭയപ്പെടുന്നു. തങ്ങളുടെ പ്രധാന എതിരാളികളായ ഭാരതി എയർടെല്ലിനേക്കാൾ കുറഞ്ഞ മൂല്യത്തിലേക്ക് ജിയോ ഒതുങ്ങിപ്പോകാനുള്ള സാധ്യത ഒഴിവാക്കാനാണ് അംബാനി ഇപ്പോൾ മുൻകരുതൽ എടുക്കുന്നത്.

മെറ്റാ, ഗൂഗിൾ തുടങ്ങിയ ആഗോള ഭീമന്മാർക്ക് പുറമെ സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് , അബുദാബിയിലെ മുബാദല തുടങ്ങിയ പ്രമുഖ മിഡിൽ ഈസ്റ്റ് നിക്ഷേപകരും ജിയോയിലുണ്ട്. എന്നാൽ നിലവിലെ യുദ്ധസാഹചര്യങ്ങൾ കാരണം ഈ ഗൾഫ് നിക്ഷേപകരുടെ ബോർഡ് യോഗങ്ങളും ഐപിഒയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ തീരുമാനങ്ങളും വൈകുകയാണ്. ഇതും ഐപിഒ നീണ്ടുപോകാൻ ഒരു പ്രധാന കാരണം.

2026-ന്റെ ആദ്യ പകുതിയിൽ തന്നെ (ജൂണിനുള്ളിൽ) ജിയോയുടെ ഐപിഒ പൂർത്തിയാക്കുമെന്നായിരുന്നു മുകേഷ് അംബാനി നേരത്തെ ഓഹരി ഉടമകൾക്ക് നൽകിയ ഉറപ്പ്. ഐപിഒ സുഗമമാക്കുന്നതിനായി വൻകിട കമ്പനികളുടെ ലിസ്റ്റിംഗ് നിയമങ്ങളിൽ ഇന്ത്യൻ സർക്കാർ കഴിഞ്ഞ മാർച്ചിൽ ഇളവുകൾ വരുത്തുകയും ചെയ്തിരുന്നു. എന്നാൽ നിലവിലെ യുദ്ധപ്രതിസന്ധി കാരണം അംബാനിയുടെ ഈ സമയപരിധി പാലിക്കാൻ കഴിഞ്ഞേക്കില്ല. ഐപിഒയുടെ ഘടന പുനഃപരിശോധിക്കാൻ റിലയൻസ് ഇപ്പോൾ ബാങ്കർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

നേരത്തെയുള്ള പ്ലാൻ അനുസരിച്ച് ജിയോയിലെ നിലവിലുള്ള ആഗോള നിക്ഷേപകർ അവരുടെ കൈവശമുള്ള ഓഹരികൾ വിറ്റഴിക്കുന്ന രീതിയിലായിരുന്നു (OFS) ഐപിഒ വിഭാവനം ചെയ്തിരുന്നത്. എന്നാൽ നിലവിലെ വിപണിയിലെ മോശം അവസ്ഥ കാരണം നിക്ഷേപകർക്ക് മികച്ച ലാഭം ഉറപ്പാക്കാൻ കഴിയില്ലെന്ന് ബോധ്യമായതോടെ, കമ്പനി പുതിയ ഓഹരികൾ വിപണിയിലിറക്കി പണം സമാഹരിക്കുന്ന രീതിയിലേക്ക് തന്ത്രം മാറ്റിയതായും റിപ്പോർട്ടിൽ പറയുന്നു.

ഇറാൻ യുദ്ധത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുകയാണ്. ഇത് ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് വൻതോതിൽ വർദ്ധിപ്പിച്ചു. വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുന്നതിനായി ഇന്ധന ഉപഭോഗം കുറയ്ക്കാനും അനാവശ്യ വിദേശയാത്രകൾ ഒഴിവാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരന്മാരോട് അഭ്യർത്ഥിച്ചിരുന്നു. ഈ സാമ്പത്തിക അനിശ്ചിതത്വം മൊത്തത്തിൽ ഇന്ത്യൻ ക്യാപിറ്റൽ മാർക്കറ്റിന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്.

ബാങ്ക് ഓഫ് അമേരിക്ക, സിറ്റിഗ്രൂപ്പ്, ഗോൾഡ്മാൻ സാക്സ്, മോർഗൻ സ്റ്റാൻലി തുടങ്ങിയ ആഗോള ധനകാര്യ സ്ഥാപനങ്ങളാണ് ജിയോയുടെ ഐപിഒയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. ഏത് സമയത്തും ഐപിഒയ്ക്കായുള്ള പ്രാഥമിക രേഖകൾ റിലയൻസ് സെബിക്ക് (SEBI) സമർപ്പിച്ചേക്കാമെങ്കിലും, വിപണി സാധാരണ നിലയിലാകുന്നതുവരെ പൊതുവിൽപ്പനയുടെ തീയതി പ്രഖ്യാപിക്കാൻ സാധ്യതയില്ലെന്നാണ് ബാങ്കിംഗ് വൃത്തങ്ങൾ നൽകുന്ന സൂചന. ഇന്ത്യയുടെ 3.3 ബില്യൺ ഡോളറിന്റെ റെക്കോർഡ് മറികടന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒ ആകേണ്ടിയിരുന്ന ജിയോ പ്ലാനുകൾക്കാണ് ഇപ്പോൾ യുദ്ധം വില്ലനായിരിക്കുന്നത്.

Reliance Industries has deferred its plans for the highly anticipated $4 billion mega IPO of Jio Platforms due to global market volatility caused by geopolitical tensions in the Middle East. The ongoing conflict has sparked significant foreign fund outflows from Indian markets, prompting the company to restructure the IPO format from an Offer for Sale (OFS) to a fresh issue of shares to protect valuation. Although major global banks continue to manage the issue, the official launch timeline, originally set for the first half of 2026, will remain on hold until domestic and international market conditions stabilize.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News