പൊലീസ് ആസ്ഥാനത്ത് ഗൂഢാലോചന: നവകേരള മര്‍ദ്ദനക്കേസ് ഡയറി തിരുത്താൻ നിർദ്ദേശിച്ചത് എഡിജിപി അജിത് കുമാറെന്ന് സൂചന

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് – കെഎസ്യു പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ ക്രൂരമായി മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാന്‍ ഉന്നതതലത്തില്‍ വലിയ കള്ളക്കളികള്‍ നടന്നതായി പുതിയ വിവരങ്ങൾ പുറത്തുവരുന്നു.

കേസ് ഡയറി നിയമവിരുദ്ധമായി തിരുത്താന്‍ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥർക്ക് കൃത്യമായ നിര്‍ദ്ദേശം നല്‍കിയ ആഭ്യന്തര വകുപ്പിലെ ആ ‘ഐപിഎസ് വമ്പന്‍’ അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആര്‍. അജിത് കുമാര്‍ ആണെന്ന സൂചനകളിലേക്കാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ (SIT) പുതിയ കണ്ടെത്തലുകള്‍ വിരല്‍ ചൂണ്ടുന്നത്. മുന്‍ ഇടത് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്ധമായി സംരക്ഷിക്കാന്‍ വേണ്ടി ക്രമസമാധാന പാലനത്തിന്റെ തലപ്പത്തിരുന്നവര്‍ തന്നെ നിയമവിരുദ്ധമായി ഫയലുകള്‍ തിരുത്തിയെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ആഭ്യന്തര വകുപ്പിൽ വൻ മിന്നൽ നീക്കങ്ങൾക്ക് വഴിതുറന്ന ഈ സംഭവത്തിൽ, പൊലീസിൽ പിണറായി വിജയന്റെ അതിവിശ്വസ്തനായിരുന്ന അജിത് കുമാറിനെതിരെ സസ്പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കടുത്ത അച്ചടക്ക നടപടികള്‍ക്ക് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നേരിട്ട് നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്കൊപ്പം മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെയും ഈ പുതിയ അന്വേഷണത്തിൽ കുടുക്കാനാണ് നിലവിൽ നീക്കം നടക്കുന്നത്.

രക്ഷാപ്രവര്‍ത്തന കേസിലെ അന്നത്തെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ആലപ്പുഴ ഡിവൈഎസ്പി സുനില്‍ രാജിനെ തിരുവനന്തപുരത്ത് പേരൂര്‍ക്കടയിലുള്ള ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിലേക്ക് രണ്ട് തവണ രഹസ്യമായി വിളിച്ചുവരുത്തിയിരുന്നു എന്ന നിര്‍ണ്ണായക വിവരമാണ് പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്. ഈ അസ്വാഭാവിക സന്ദര്‍ശനങ്ങള്‍ക്ക് ശേഷമാണ് കേസ് ഡയറിയും അന്വേഷണ റിപ്പോര്‍ട്ടും പൂര്‍ണ്ണമായും മാറിയതെന്നും, മര്‍ദ്ദനത്തിന്റെ വ്യക്തമായ വീഡിയോ പോലീസ് കണ്ടിട്ടില്ലെന്ന കള്ളവാദം ഔദ്യോഗിക റിപ്പോര്‍ട്ടില്‍ തിരുകിക്കയറ്റിയതെന്നും എസ്ഐടി ഉറച്ചു വിശ്വസിക്കുന്നു.

കേസില്‍ ഏറ്റവും നിര്‍ണ്ണായക തെളിവാകേണ്ടിയിരുന്ന മര്‍ദ്ദന ദൃശ്യങ്ങള്‍ പൂഴ്ത്താന്‍ എഡിജിപിയുടെ ഓഫീസില്‍ വെച്ച് നേരിട്ട് ഗൂഢാലോചന നടന്നെന്നാണ് നിലവിലെ പ്രാഥമിക വിലയിരുത്തൽ. എന്നാല്‍ ആദ്യഘട്ടത്തില്‍ തയ്യാറാക്കിയ യഥാര്‍ത്ഥ റിപ്പോര്‍ട്ടില്‍ ഈ വീഡിയോയെക്കുറിച്ചുള്ള കൃത്യമായ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നുവെന്നും, മര്‍ദ്ദനം ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമല്ലെന്ന് രേഖപ്പെടുത്തിയിരുന്നുവെന്നും എസ്ഐടി നടത്തിയ റെയ്ഡിലൂടെ കണ്ടെത്തിയിട്ടുണ്ട്.

നിലവില്‍ എസ്പി എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് പുനരന്വേഷിക്കുന്നതിന്റെ ഭാഗമായി മുൻപ് കേസ് അന്വേഷിച്ച ഡിവൈഎസ്പി സുനില്‍ രാജ്, ബന്ധപ്പെട്ട എസ്‌ഐമാര്‍ തുടങ്ങിയ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ വിശദമായ മൊഴികള്‍ ഇതിനകം രേഖപ്പെടുത്തിക്കഴിഞ്ഞു. ഇവരുടെ മൊഴികളിലും എഡിജിപിയുടെ ഓഫീസില്‍ നിന്നും തങ്ങൾക്ക് നേരെ ഉണ്ടായ കടുത്ത സമ്മര്‍ദ്ദങ്ങളെക്കുറിച്ച് വ്യക്തമായ സൂചനകളുണ്ട്.

മുന്‍ മുഖ്യമന്ത്രിയുടെ അംഗരക്ഷകരെ ക്രിമിനല്‍ നടപടികളില്‍ നിന്നും ബോധപൂർവ്വം രക്ഷിക്കാന്‍ വേണ്ടി വലിയ ഇടപെടല്‍ ഉന്നത പോലീസ് ആസ്ഥാനത്ത് നിന്ന് തന്നെ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്. ഈ അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഐപിഎസ് വമ്പന്മാരുടെ കൃത്യമായ പങ്ക് നിയമപരമായി തെളിയിക്കാനാണ് എസ്ഐടി ഇപ്പോള്‍ വിപുലമായ ശ്രമം നടത്തുന്നത്. അടുത്ത ദിവസങ്ങളില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട കൃത്യമായ തെളിവുകള്‍ സഹിതമുള്ള സമഗ്രമായ അന്വേഷണ റിപ്പോര്‍ട്ട് എസ്ഐടി ആഭ്യന്തര വകുപ്പിന് ഔദ്യോഗികമായി സമര്‍പ്പിക്കും.

അതേസമയം, സംഭവത്തില്‍ നേരിട്ട് പ്രതികളായ മുൻ മുഖ്യമന്ത്രിയുടെ നാല് ഗണ്‍മാന്‍മാര്‍ക്കെതിരെയും കടുത്ത ക്രിമിനല്‍ നടപടികളും ഡിസ്മിസ്സല്‍ ഉള്‍പ്പെടെയുള്ള വകുപ്പുതല നടപടികളും വരാന്‍ പോവുകയാണെന്ന സൂചനയുമുണ്ട്. ഗണ്‍മാന്‍മാരുടെ മര്‍ദ്ദനം തികച്ചും ചട്ടവിരുദ്ധവും ക്രിമിനല്‍ കുറ്റവുമാണെന്ന് കണ്ടെത്തിയ പ്രത്യേക അന്വേഷണസംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ഉടന്‍ തന്നെ ഡിജിപിക്ക് ഔദ്യോഗികമായി കൈമാറും. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആവര്‍ത്തിച്ച് ശാസ്ത്രീയമായി പരിശോധിച്ച ശേഷമാണ് ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണെന്ന് എസ്ഐടി സ്ഥിരീകരിച്ചത്.

ഇതിന് പുറമെ, അന്ന് സംഭവത്തിന് തൊട്ടുപിന്നാലെ ഗണ്‍മാന്‍മാര്‍ക്കെതിരേ കടുത്ത നടപടി വേണമെന്ന് ശുപാര്‍ശ ചെയ്തുകൊണ്ട് മുന്‍ ആലപ്പുഴ എസ്പി നല്‍കിയ രഹസ്യ റിപ്പോര്‍ട്ട് അന്നത്തെ ആഭ്യന്തര വകുപ്പ് പൂഴ്ത്തിവെച്ചതായും പുതിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മുന്‍ സര്‍ക്കാരിന്റെ കാലത്തെ ഇത്തരം രാഷ്ട്രീയ ഒത്തുകളികളെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിലൂടെ ആഭ്യന്തര വകുപ്പില്‍ വലിയൊരു അഴിച്ചുപണിക്കാണ് പുതിയ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ വിഡി സതീശന്‍ തുടക്കമിട്ടിരിക്കുന്നത്.

The Special Investigation Team (SIT) has uncovered evidence suggesting that ADGP M.R. Ajith Kumar was the high-ranking IPS officer who directed the alteration of the Navakerala assault case diary to protect the former Chief Minister’s gunmen. Chief Minister V.D. Satheesan has reportedly ordered strict disciplinary action, including suspension, against the top official following revelations of a conspiracy held at the ADGP’s office to suppress crucial video evidence. The SIT, led by SP A.P. Shoukathali, is preparing to submit its final report to the Home Department, paving the way for severe criminal and departmental actions against both the involved gunmen and complicit senior officers.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News