ഡ്രൈവിങ് സീറ്റിലേക്ക് തുളച്ചുകയറി കൂറ്റൻ ഇരുമ്പുകമ്പി; കൊച്ചി മെട്രോ നിർമ്മാണസ്ഥലത്ത് വൻ സുരക്ഷാവീഴ്ച; കാർ യാത്രക്കാരി ഗോപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

കൊച്ചി: നഗരത്തില്‍ തുടരുന്ന കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വന്‍ സുരക്ഷാവീഴ്ച. പാലാരിവട്ടം പൈപ്പ്ലൈന്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള മെട്രോ നിര്‍മ്മാണം നടക്കുന്ന പാതയില്‍, കാറിന് മുകളിലേക്ക് ഇരുമ്പുദണ്ഡ് വീണ് യാത്രക്കാരിയായ യുവതിക്ക് പരിക്കേറ്റു. എറണാകുളത്ത് വിപ്രോയില്‍ ജോലി ചെയ്യുന്ന ഗോപിക പ്രശാന്ത് എന്ന യുവതിയാണ് തലനാരിഴയ്ക്ക് വലിയൊരു ദുരന്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.

കാറിന്റെ മുന്നിലെ വിന്‍ഡ് ഷീല്‍ഡ് തുളച്ചുകയറിയ ഇരുമ്പ് റോഡ് സീറ്റിലേക്ക് പതിക്കുകയായിരുന്നു. വാഴക്കാല സ്വദേശിനി ഗോപികയാണ് ദൈവാനുഗ്രഹം കൊണ്ടുമാത്രം തലനാരിഴയ്ക്ക് വലിയൊരു ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. പരിക്കേറ്റ ഗോപികയെ പ്രഥമശുശ്രൂഷയ്ക്ക് വിധേയയാക്കി. കഴിഞ്ഞ ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെ പാലാരിവട്ടം കപ്പേളയ്ക്ക് സമീപമായിരുന്നു നാടിനെ നടുക്കിയ സംഭവം. ഗോപികയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ പാലാരിവട്ടത്തേക്ക് പോകുന്നതിനിടെയാണ് പില്ലറിന് മുകളില്‍ നിന്ന് നിര്‍മാണത്തിനിടെ വലിയൊരു കമ്പി താഴേക്ക് വീണത്.

കാറിന്റെ വിന്‍ഡ് ഷീല്‍ഡ് തകര്‍ത്ത് അകത്തേക്ക് വീണ കമ്പി തട്ടി ഗോപികയുടെ കൈയ്ക്ക് ചതവും മുറിവുമേറ്റു. വസ്ത്രങ്ങള്‍ കീറുകയും കാലിന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ‘വലിയൊരു അപകടത്തില്‍ നിന്നാണ് രക്ഷപ്പെട്ടത്. ഇത്രയും വലിയൊരു അനാസ്ഥ മെട്രോ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല’ എന്ന് ഗോപിക പ്രതികരിച്ചു.

‘ഒരു ബൈക്കിലോ ഓട്ടോറിക്ഷയിലോ ആണ് യാത്ര ചെയ്തിരുന്നതെങ്കില്‍ ഒരുപക്ഷേ മരണം വരെ സംഭവിക്കുമായിരുന്നു. കൈയ്ക്ക് പകരം നെഞ്ചിലോ തലയിലോ ആണ് ഈ ഇരുമ്പുദണ്ഡ് വന്ന് തറച്ചിരുന്നതെങ്കില്‍ ജീവന്‍ തന്നെ നഷ്ടപ്പെടുമായിരുന്നു. കൊച്ചി മെട്രോ അധികൃതരുടെ ഭാഗത്തുനിന്ന് ഇത്രയും വലിയൊരു അനാസ്ഥ ഒട്ടും പ്രതീക്ഷിച്ചതല്ല,’ ഗോപിക വ്യക്തമാക്കുന്നു. സംഭവത്തില്‍ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസിന്റെ ഭാഗത്തുനിന്ന് കൃത്യമായ പിന്തുണയും സഹായവും ലഭിച്ചുവെങ്കിലും, സംഭവത്തില്‍ കരാറുകാരായ ഉദ്യോഗസ്ഥരുടെ സമീപനം തികച്ചും നിരുത്തരവാദപരമായിരുന്നുവെന്ന് ഗോപിക ആരോപിച്ചു.

മുകളില്‍ നിര്‍മ്മാണ ജോലി നടക്കുമ്പോള്‍ താഴെ റോഡ് ബ്ലോക്ക് ചെയ്യാതിരുന്നത് തങ്ങളുടെ വീഴ്ചയാണെന്നും, ഇതൊരു ‘പാഠമായി’ കാണുന്നുവെന്നുമാണ് കരാറുകാര്‍ നല്‍കിയ മറുപടി. എന്നാല്‍ ജനങ്ങളുടെ ജീവന്‍ പണയം വെച്ചും, ആളുകളുടെ മേല്‍ ട്രയല്‍ ആന്‍ഡ് എറര്‍ നടത്തിയും ആണോ അധികൃതര്‍ പാഠങ്ങള്‍ പഠിക്കേണ്ടതെന്ന ഗൗരവമേറിയ ചോദ്യമാണ് യുവതി ഉയര്‍ത്തുന്നത്.

സംഭവത്തെക്കുറിച്ച് അറിഞ്ഞയുടന്‍ ഉമാ തോമസ് എം.എല്‍.എയുടെ ഓഫീസ് ഗോപികയുമായി ബന്ധപ്പെടുകയും കൃത്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്. കൊച്ചി പോലുള്ള തിരക്കേറിയ നഗരത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടക്കുന്ന മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

അപകടം ശ്രദ്ധയില്‍ പെട്ടതോടെ വിഷയത്തില്‍ ഹൈബി ഈഡന്‍ എംപിയും ഇടപെട്ടു. എം പി ഗോപികയുമായി ഫോണില്‍ സംസാരിച്ചു. മെട്രോ നഷ്ടപരിഹാരം നല്‍കുമെന്ന കാര്യവും അറിയിച്ചിട്ടുണ്ടെന്ന് ഹൈബി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

അതേസമയം മെട്രോ രണ്ടാം ഘട്ട നിര്‍മാണം നടക്കുന്ന സ്ഥലങ്ങളില്‍ മഴക്കാലം മുന്നില്‍ കണ്ട് സുരക്ഷ വര്‍ധിപ്പിച്ചതായി കെഎംആര്‍എല്‍ അറിയിച്ചു. രാത്രി കാഴ്ച ഉറപ്പാക്കാന്‍ ബാരിക്കേഡുകളുടെ അറ്റത്ത് അധിക റിഫ്‌ലക്ടറുകളും റിഫ്‌ലക്ടീവ് ടേപ്പുകളും സ്ഥാപിച്ചു. ബാരിക്കേഡുകള്‍ പുനഃക്രമീകരിച്ചു. തിരിവുകളിലും ഡൈവര്‍ഷന്‍ ഭാഗങ്ങളിലും സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നിര്‍മാണം പൂര്‍ത്തിയായ സ്ഥലങ്ങളില്‍ ബാരിക്കേഡുകള്‍ നീക്കം ചെയ്യും. വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും കൂടുതല്‍ സ്ഥലങ്ങളില്‍ റോഡ് ക്രോസിങ് ഏര്‍പ്പെടുത്തും. ചില ഭാഗങ്ങളില്‍ ബാരിക്കേഡുകളുടെ ഉയരം കുറച്ചു കാഴ്ച കൂടുതല്‍ എളുപ്പമാക്കി.

മെട്രോ അലൈന്‍മെന്റിലുടനീളം അധിക ട്രാഫിക് വാര്‍ഡന്‍മാരെ വിന്യസിക്കും. വാഹന ഗതാഗത നിയന്ത്രണത്തിനും കാല്‍നട യാത്രക്കാര്‍ക്കു സഹായം നല്‍കാനുമാണിത്. മഴക്കാല സുരക്ഷാ ക്രമീകരണങ്ങള്‍ നിരന്തരമായി വിലയിരുത്തി ഏകോപിപ്പിക്കും. നിര്‍മാണ മേഖലകളില്‍ മഴക്കാല മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാന്‍ കരാറുകാര്‍ക്കു നിര്‍ദേശം നല്‍കി. നിര്‍മാണ സാമഗ്രികള്‍ സുരക്ഷിതമായി സൂക്ഷിക്കണം. വെള്ളക്കെട്ട് സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം ഒഴുക്കിക്കളയാനുള്ള ജോലികള്‍ തുടങ്ങി. കെഎംആര്‍എലിന്റെ നിയന്ത്രണത്തിലുള്ള കാനകളും അഴുക്കുചാലുകളും വൃത്തിയാക്കുന്ന ജോലികള്‍ തുടങ്ങി.

പരിശീലനം ലഭിച്ച സുരക്ഷാ ജീവനക്കാരെയും സാങ്കേതിക വിദഗ്ധരെയും ഉള്‍പ്പെടുത്തി എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമുകളെ എല്ലാ നിര്‍മാണ കേന്ദ്രങ്ങളിലും സജ്ജമാക്കും. മഴക്കാലം അവസാനിക്കുന്നതുവരെ റോഡുകളുടെ വശങ്ങളില്‍ നിര്‍മാണ സാമഗ്രികള്‍ സൂക്ഷിക്കരുതെന്നു കരാറുകാര്‍ക്കും അനുബന്ധ ഏജന്‍സികള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കെഎംആര്‍എല്‍ അറിയിച്ചു.

A young woman named Gopika had a miraculous escape after a heavy iron rod fell from an under-construction Kochi Metro pillar and pierced through the windshield of her moving car. Expressing her shock, Gopika slammed the metro authorities for their gross negligence and lack of safety measures in crowded public areas. The Kochi police have registered a case regarding the safety lapse, while Kochi Metro Rail Limited (KMRL) has ordered a high-level probe into the incident.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News