തിരുവനന്തപുരം: കാഞ്ഞിരപ്പള്ളിയിലെ വിദ്യാർത്ഥിനി ജെസ്‌നയുടെ തിരോധാനക്കേസിൽ വഴിത്തിരിവായി നിർണായക മൊഴി സിബിഐയ്ക്ക് കിട്ടിയെന്ന് റിപ്പോർട്ട്. മോഷണക്കേസ് പ്രതിയായിരുന്ന യുവാവിന് ജെസ്‌നയുടെ തിരോധാനത്തിൽ അറിവുണ്ടെന്നാണ് സിബിഐക്ക് മൊഴി ലഭിച്ചത്. ഈ യുവാവിനൊപ്പം ജയിലിൽ കഴിഞ്ഞ മറ്റൊരു പ്രതിയുടേതാണ് വെളിപ്പെടുത്തൽ. പത്തനംതിട്ട സ്വദേശിയായ യുവാവ് ഒളിവിലെന്നും കണ്ടെത്തൽ.
അഞ്ച് വർഷങ്ങൾക്ക് മുൻപൊരു മാർച്ച് 22ന് രാവിലെ എരുമേലിയിലെ വീട്ടിൽ നിന്നിറങ്ങിയതാണ് ജെസ്‌ന മരിയ ജെയിംസ്. പിന്നീട് എന്ത് സംഭവിച്ചൂവെന്ന ചോദ്യത്തിന് ഇതുവരെയും ഉത്തരമില്ല. വിവാഹം കഴിച്ച് വിദേശത്തുണ്ടെന്ന തരത്തിലുള്ള ക്രൈംബ്രാഞ്ച് നിഗമനങ്ങൾ തെറ്റെന്നും സിബിഐ കണ്ടെത്തി. പുതിയ മൊഴി കിട്ടിയിട്ടും ജെസ്‌ന എവിടെ എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൊഴിയിലുള്ള വ്യക്തിയെ കണ്ടെത്തിയാൽ മാത്രമേ വ്യക്തത വരൂ.
നാല് മാസങ്ങൾക്ക് മുൻപ് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് സിബിഐക്ക് ഫോൺവിളിയെത്തുന്നത്. പോക്‌സോ കേസിൽ പ്രതിയായ കൊല്ലം ജില്ലക്കാരന് ജെസ്‌ന കേസിനേക്കുറിച്ച് പറയാനുണ്ടെന്നായിരുന്നു സന്ദേശം. സിബിഐ ഉദ്യോഗസ്ഥർ ജയിലിലെത്തി പ്രതിയുടെ മൊഴിയെടുത്തു. മൊഴിയിലെ പ്രധാന ഭാഗം ഇങ്ങിനെയാണ്. ഈ യുവാവ് രണ്ട് വർഷം മുൻപ് മറ്റൊരു കേസിൽ പ്രതിയായി കൊല്ലം ജില്ലാ ജയിലിൽ കഴിഞ്ഞിരുന്നു. പത്തനംതിട്ട സ്വദേശിയും മോഷണക്കേസ് പ്രതിയുമായ യുവാവായിരുന്നു സെല്ലിൽ കൂടെക്കഴിഞ്ഞിരുന്നത്. അന്നൊരിക്കൽ ജെസ്‌നയ്ക്ക് എന്ത് സംഭവിച്ചുവെന്ന് തനിക്ക് അറിയാമെന്ന് യുവാവ് പറഞ്ഞിരുന്നൂവെന്നായിരുന്നു വെളിപ്പെടുത്തൽ.
പ്രതി നൽകിയ മേൽവിലാസം വഴി അന്വേഷിച്ച സിബിഐ മൂന്ന് കാര്യങ്ങൾ സ്ഥിരീകരിച്ചു. ഇങ്ങിനെയൊരു പ്രതി കൊല്ലം ജില്ലാ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. മൊഴി നൽകിയ പ്രതിക്കൊപ്പവുമായിരുന്നു ജയിൽവാസം. പത്തനംതിട്ടയിലെ മേൽവിലാസവും ശരിയാണ്. പക്ഷെ ജയിലിൽ നിന്നിറങ്ങിയ ശേഷം ഒളിവിലാണ്. രണ്ട് പ്രതികൾ ജയിലിൽ നടത്തിയ സംഭാഷണമായതിനാൽ ജെസ്‌നയേക്കുറിച്ചുള്ളത് വെറും വീരവാദമോ നുണയോ ആയിരിക്കാം. പക്ഷെ മറ്റൊരു ഒരുതെളിവും ഇല്ലാത്തതിനാൽ ഈ പ്രതിയെ കണ്ടെത്തുകയാണ് അന്വേഷണത്തിൽ നിർണായകം.
നേരത്തെ ജെസ്ന മരിയയെ കണ്ടെത്താൻ സിബിഐ ഇന്റർപോൾ മുഖേന 191 രാജ്യങ്ങളിൽ യെലോ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. 2018 മാർച്ച് 22നു കാണാതായ ജെസ്ന എവിടെയാണെന്ന കാര്യത്തിൽ സൂചനകളൊന്നും കിട്ടാത്ത സാഹചര്യത്തിലാണു യെലോ നോട്ടിസ്. ജെസ്നയുടെ ഫോട്ടോ, കേസിനെ സംബന്ധിച്ച വിവരങ്ങൾ, തിരിച്ചറിയാനുള്ള അടയാളങ്ങൾ തുടങ്ങിയവ ഇതര രാജ്യങ്ങളിലെ ഇന്റർപോളിനു കൈമാറിയിരുന്നു. ജെസ്‌നയെ കണ്ടെത്താൻ സഹോദരൻ ജെയ്സ് ജോൺ ജയിംസ് ഉൾപ്പെടെ നൽകിയ ഹർജിയിൽ 2021 ഫെബ്രുവരി 19നാണു കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
എന്നാൽ ഇതുവരെ ജെസ്‌നയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അന്വേഷണം വേഗത്തിലാക്കാൻ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ട് ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ) എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ച പ്രകാരം സിബിഐ മുദ്ര വച്ച കവറിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിൽ ജെസ്ന ജീവനോടെയുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മുൻകൂട്ടി തയാറാക്കിയ പദ്ധതി അനുസരിച്ച്, കൃത്യമായ ആസൂത്രണത്തോടെയാണ് പത്തനംതിട്ടയിൽനിന്ന് കാണാതായ ജെസ്ന മരിയ വീട്ടിൽനിന്ന് പോയതെന്ന് കേരള പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പരിചയക്കാരെ കണ്ടപ്പോൾ ഒളിച്ചുമാറി നിന്നതിനു ശേഷമായിരുന്നു ജെസ്നയുടെ യാത്ര. ജെസ്നയുടെ ആൺസുഹൃത്തിനു തിരോധാനവുമായി ബന്ധമില്ലെന്നും കണ്ടെത്തിയിരുന്നു.
പത്തനംതിട്ട കൊല്ലമുള സന്തോഷ്‌കവല കുന്നത്തു വീട്ടിൽ ജയിംസ് ജോസഫ്-ഫാൻസി ജയിംസ് ദമ്പതികളുടെ മൂന്നു മക്കളിൽ ഏറ്റവും ഇളയവളായ ജെസ്ന മരിയ ജയിംസിനെ 2018 മാർച്ച് 22നാണ് കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയായിരുന്ന ജെസ്നയ്ക്ക്, കാണാതാകുമ്പോൾ 21 വയസ്സായിരുന്നു. കുപ്രസിദ്ധമായ കൂടത്തായി കേസ് അന്വേഷണത്തിനുശേഷം പത്തനംതിട്ട എസ്‌പിയായി കെ.ജി.സൈമൺ ഐപിഎസ് ചുമതലയേറ്റപ്പോഴാണ് കേസിൽ പ്രധാന കണ്ടെത്തലുകളുണ്ടായത്.
മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനായാണ് ജെസ്ന വീട്ടിൽനിന്ന് ഇറങ്ങുന്നത്. കൊല്ലമുളയിൽനിന്ന് രാവിലെ 9ന് ഓട്ടോയിൽ കയറി. പിന്നെ എരുമേലി ബസിൽ കയറി. എരുമേലി ബസ് സ്റ്റാൻഡിൽനിന്നു മുണ്ടക്കയത്തേക്കുള്ള്‌ള ബസിൽ കയറിയതായാണു വിവരം. പിന്നീട് ജെസ്നയെ ആരും കണ്ടിട്ടില്ല. പരാതി ലഭിച്ചിട്ടും രണ്ടാഴ്ചയോളം കാര്യമായ അന്വേഷണം നടന്നില്ലെന്നും ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. ഇതും കേസ് അന്വേഷണത്തെ അട്ടിമറിച്ചു.
കേരളാ പൊലീസിന്റെ ക്രൈംബ്രാഞ്ചാണ് ജെസ്‌നയുടെ തിരോധാനം അന്വേഷിച്ചിരുന്നത്. പെൺകുട്ടി എവിടെയുണ്ടെന്ന് അറിയാമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എ.ഡി.ജി.പി: ടോമിൻ ജെ. തച്ചങ്കരി വെളിപ്പെടുത്തിയിരുന്നു. എന്നാൽ, വെളിപ്പെടുത്താനാകില്ലെന്നും ഇദേഹം പറഞ്ഞിരുന്നു. ഇതേകാര്യം അന്ന് പത്തനംതിട്ട എസ്‌പിയായിരുന്ന കെ.ജി. സൈമൺ പറഞ്ഞിരുന്നു. പൊലീസിന്റെ അനാസ്ഥയാണ് ജെസ്‌നയെ വീണ്ടും കാണാതായതിന് പിന്നിലെന്ന് സിബിഐ സംശയിക്കുന്നുണ്ട്.