‘വോട്ടിംഗ് ഒരു കരാറല്ല, ജനങ്ങള്‍ നല്‍കുന്ന അസൈന്‍മെന്റ്, റൈറ്റ് ടു റീ കാള്‍ എന്നത് അനുയോജ്യമായ പ്രസ്താവന’; വണ്‍ സിനിമയെ കുറിച്ച് ജീത്തു ജോസഫ്

മമ്മൂട്ടി ചിത്രം വണ്‍ നെ പ്രശംസിച്ച് സംവിധായകന്‍ ജീത്തു ജോസഫ്. ‘വോട്ടിംഗ് ഒരു കരാറല്ല. നിങ്ങള്‍ നല്‍കുന്ന ഒരു അസൈന്‍മെന്റാണ്. ജനങ്ങള്‍ നിയോഗിക്കുന്നവരെ തിരിച്ചു വിളിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും റൈറ്റ് ടു റീ കാള്‍ എന്നത് സിനിമയ്ക്ക് അനുയോജ്യമായ പ്രസ്താവനയാണെന്നും’ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വണ്‍ സിനിമയുടെ റിലീസിന് ശേഷം റൈറ്റ് ടു റീ കാള്‍ എന്ന ഹാഷ് ടാഗ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരിക്കുകയാണ്.

കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ വണ്‍ എന്ന ചിത്രം വെള്ളിയാഴ്ചയാണ് തിയറ്ററുകളിലെത്തിയത്. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ രചനയില്‍ സന്തോഷ് വിശ്വനാഥാണ് വണ്‍ സംവിധാനം ചെയ്തിരിക്കുന്നത്.

അതേസമയം തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് റിലീസ് ചെയ്ത ചിത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ കഥയാണെന്ന അഭ്യൂഹമുണ്ടായിരുന്നു. മമ്മൂട്ടി അവതരിപ്പിക്കുന്നത് പിണറായി വിജയനോട് സാമ്യമുള്ള കഥാപാത്രമാണെന്ന തരത്തില്‍ പ്രഖ്യാപനഘട്ടം മുതല്‍ ചര്‍ച്ചകളും വന്നിരുന്നു. എന്നാല്‍ മമ്മൂട്ടിയുടെ കഥാപാത്രം പിണറായി വിജയനുമായി യാതൊരു സാമ്യവുമില്ലന്ന് സംവിധായകനും കഥാകൃത്തുക്കളും വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News