ഡല്‍ഹി: കേരളത്തിലെ മഹിള കോണ്‍ഗ്രസ് അധ്യക്ഷയായി ജെബി മേത്തറെ നിയമിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍റിന് വേണ്ടി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് ഇന്ന് വൈകീട്ട് ഈ തീരുമാനം അറിയിച്ചത്. നേരത്തെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവച്ച ലതികാ സുഭാഷ് ഒഴിച്ചിട്ട സ്ഥാനമാണ് മാസങ്ങൾക്കു ശേഷം ജെബിക്കു ലഭിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തു സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് ലതിക സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. പിന്നീട് ഇവര്‍ പാര്‍ട്ടിയും വിട്ടു.ലതിക ഇപ്പോൾ എൻസിപിയിലാണ്. ലതിക സ്ഥാനമൊഴിഞ്ഞത് ഈ വർഷം മാർച്ചിലായിരുന്നു. എട്ടു മാസത്തോളം മഹിളാ കോൺഗ്രസിന് സംസ്ഥാനത്ത് അധ്യക്ഷയില്ലായിരുന്നു. നിലവില്‍ ആലുവ നഗരസഭ ഉപാധ്യക്ഷയാണ് ജെബി മേത്തര്‍.
അതേ സമയം ഹൈക്കമാന്‍റ് ഏൽപിച്ചത് വലിയ ഉത്തരവാദിത്തമാണെന്ന് ജെബി മേത്തര്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് പാർട്ടിയാണ് വലുതെന്ന് പ്രതികരിച്ച ജെബി, സ്ത്രീ സുരക്ഷ സംസ്ഥാന സര്‍ക്കാരിന്റെ മുഖ്യ പരിഗണന വിഷയമാകണമെന്ന് ആവശ്യപ്പെട്ടു. അതിനായുള്ള പോരാട്ടം മഹിള കോണ്‍ഗ്രസ് തുടരും. ഇനിയും സംസ്ഥാനത്ത് മോഫിയമാര്‍ ഉണ്ടാകരുത്.
മുന്‍ അധ്യക്ഷയായ ലതിക സുഭാഷ് പാർട്ടി വിട്ടത് വൈകാരിക തീരുമാനമാണ്. ഇവരെ മടക്കി കൊണ്ട് വരാൻ കോൺഗ്രസ് ശ്രമിക്കു൦ ഇവർക്കായി കോണ്‍ഗ്രസിന്‍റെ വാതിൽ എന്നു൦ തുറന്നിട്ടിരിക്കുകയാണെന്നും ജെബി മേത്തര്‍ പറഞ്ഞു.