കൊച്ചി: രാജ്യസഭാ സ്ഥാനാർത്ഥിത്വത്തിന് പിന്നാലെ ജെബി മേത്തറിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രചരണം. നടൻ ദിലീപിനൊപ്പമുളള പഴയ സെൽഫി ഫോട്ടോയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
2021 നവംബറിൽ നടന്ന ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യാൻ ദിലീപ് എത്തിയപ്പോൾ എടുത്ത സെൽഫിയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ആലുവ നഗരസഭയുടെ വൈസ് ചെയർമാനായ ജെബി മേത്തറും മറ്റ് അംഗങ്ങളുമാണ് സെൽഫിയിലുളളത്.
ഒരുപാട് വർഷങ്ങൾക്ക് ശേഷം ദിലീപ് പങ്കെടുത്ത പൊതു പരിപാടി കൂടിയായിരുന്നു അത്. താൻ നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ്. എല്ലാവരുടേയും പ്രാര്‍ത്ഥന എനിക്കൊപ്പമുണ്ടാകണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെന്ന് അന്നത്തെ ചടങ്ങിൽ ദിലീപ് പറഞ്ഞിരുന്നു.
എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയാണ് സംസ്ഥാന മഹിളാ കോൺഗ്രസ് അധ്യക്ഷയായ അഡ്വ. ജെബി മേത്തറെ രാജ്യസഭാ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. മുസ്ലിം യുവ വനിതാ പ്രാതിനിധ്യം കണക്കിലെടുത്താണ് ജെബി മേത്തറിന് നറുക്ക് വീണത്. കോൺഗ്രസിന് ജയ സാധ്യതയുളള സീറ്റായിരിക്കും ജെബി മേത്തറിന് നൽകുക. കോൺഗ്രസ് നേതാവായ കെ എം ഐ മേത്തറുടെ മകളും, മുൻ കെ പി സി സി പ്രസിഡണ്ട് ടി ഒ ബാവയുടെ കൊച്ചു മകളുമാണ് ജെബി മേത്തർ.