ന്യൂഡൽഹി : ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഉയർത്തി രാജ്യത്ത് കൊള്ളയെന്ന് ജെബി മേത്തർ എംപി രാജ്യസഭയിൽ. ഹോളിഡേ സീസൺ ഹൊററർ സീസണായി മാറി, സംഘടിത കൊള്ളയാണ് നടക്കുന്നത്. സംഘടിത കൊള്ളയിൽ സർക്കാറും പങ്കാളിയാകുന്നു.
രണ്ടോ മൂന്നോ ഇരട്ടിയല്ല. ടിക്കറ്റ് നിരക്ക് അരലക്ഷം വരെയായി ഉയരുന്ന സാഹചര്യമുണ്ടെന്നും ജെബി മേത്തർ ചൂണ്ടിക്കാട്ടി. പ്രവാസികളുടെ യാത്രാദുരിതവും വിമാന ടിക്കറ്റ് നിരക്ക് കൊള്ളയും അവസാനിപ്പിക്കാന്‍ കേന്ദ്ര സർക്കാർ ഇടപെടണം.
വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന പ്രവാസികള്‍ക്ക് യാത്രാ ദുരിതം കൂടിയേല്‍പ്പിക്കുന്ന ആഘാതം വളരെ വലുതാണ്. കേന്ദ്ര ബജറ്റില്‍ ഇതിനൊക്കെ പരിഹാരം കണ്ടെത്താന്‍ കഴിയുന്ന നിര്‍ദേശങ്ങളുണ്ടാകുമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന പ്രവാസികള്‍ക്ക് അവിടെയും നിരാശയായിരുന്നു ഫലം. ഇത്തരമൊരു അടിയന്തര സാഹചര്യത്തില്‍ കേരളത്തിൽ നിന്നുളള എംപിമാർ ഇടപെടൽ ആവശ്യപ്പെടുന്നത്.
സീസണ്‍ സമയത്തെ അനിയന്ത്രിത വിമാന യാത്രാക്കൂലി വര്‍ദ്ധനവിന് പരിഹാരം തേടി പ്രവാസി സംഘടനകള്‍ ഡല്‍ഹിയിലേക്ക്. അബുദാബി കെഎംസിസിയുടെ നേതൃത്വത്തില്‍ വിവിധ പ്രവാസികളുടെ ആഭിമുഖ്യത്തിലാണ് ‘ഡയസ്‌പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി’ എന്ന പേരില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത്.
ആഗസ്റ്റ് 8ന് ഡല്‍ങി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബ് ഹാളില്‍ നടക്കുന്ന സമ്മിറ്റില്‍ കേരളത്തില്‍ നിന്നുള്ള മുഴുവന്‍ ജനപ്രതിനിധിളും പങ്കെടുക്കും. കേന്ദ്ര മന്ത്രിമാരെയും പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. അബുദാബി കെഎംസിസി, ഡല്‍ഹി കെഎംസിസിയുടെയും സഹകരണത്തോടെ അബുദാബിയിലെ മുപ്പതോളം പ്രവാസി സംഘടനകളുടെ കൂട്ടായ്മയിലാണ് സമ്മിറ്റ് ഒരുക്കുന്നത്.