വയനാട് ദുരന്തത്തിന് കാരണം അനധികൃത ഖനനവും മനുഷ്യവാസവും, രാഷ്ട്രീയക്കാർ കൂട്ടുനിന്നു- കേന്ദ്രമന്ത്രി
ന്യൂഡൽഹി: വയനാട് ദുരന്തത്തിൽ കേരള സർക്കാരിനും തദ്ദേശഭരണകൂടങ്ങൾക്കുമെതിരേ രൂക്ഷവിമർശനവുമായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്. അനധികൃത ഖനനവും അനധികൃത മനുഷ്യവാസവുമാണ് വയനാട് ദുരന്തത്തിന് കാരണമെന്നും തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പ്രതികരിക്കുമ്പോഴാണ് കേന്ദ്രമന്ത്രിയുടെ വിമർശനം.
‘ദുരന്തം നടന്ന സ്ഥലത്ത് അനധികൃത മനുഷ്യവാസം ഉണ്ടായിരുന്നു. ഇതിന് അവസരം ഉണ്ടാക്കിക്കൊടുത്തത് പ്രാദേശിക രാഷ്ട്രീയക്കാരാണ്. ടൂറിസത്തിന്റെ പേരുപറഞ്ഞ്, പരിസ്ഥിതി ലോല മേഖലകളായി ഭൂമിയെ കൃത്യമായി തരംതിരിക്കാൻ പ്രാദേശിക രാഷ്ട്രീയക്കാർ അനുവദിച്ചില്ല. കയ്യേറ്റങ്ങൾക്ക് ഇവർ അനുമതി നൽകി. ദുരന്തമുണ്ടായ പ്രദേശം പരിസ്ഥിതി ലോല മേഖലയാണ്. മനുഷ്യവാസത്തിന് അനുയോജ്യമല്ലാത്ത ഭൂമിയാണത്. തദ്ദേശഭരണകൂടങ്ങളുടെ സംരക്ഷണയിലും സഹായത്തോടെയും അവിടെ അനധികൃത ഖനനവും താമസവും നടന്നു’, ഭൂപേന്ദർ യാദവ് പറഞ്ഞു.
പരിസ്ഥിതി ലോല മേഖലകൾക്കായി സംസ്ഥാന സർക്കാർ പദ്ധതി തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിസ്ഥിതി ലോല മേഖലകളുമായി ബന്ധപ്പെട്ട് നേരത്തേ കേന്ദ്ര സർക്കാർ ഒരു സമിതി രൂപവത്കരിച്ചിരുന്നു. കേരളവുമായി ഈ സമിതി ആശയവിനിമയവും നടത്തി. എന്നാൽ, സംസ്ഥാന സർക്കാർ സമിതിയുമായി സഹകരിക്കാൻ തയ്യാറായില്ല. വയനാട്ടിലെ ദുരന്തമേഖലയിൽ അനധികൃത മനുഷ്യവാസവും ഖനനവും നടന്നു. ഇത് സംസ്ഥാന സർക്കാരിന്റെ പിഴവാണെന്നാണ് കരുതുന്നത്, കേന്ദ്രമന്ത്രി കൂട്ടിച്ചേത്തു.
വയനാട് ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെതിരേ നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത് വന്നിരുന്നു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളം കാലാവസ്ഥ മുന്നറിയിപ്പുകള്‍ അവഗണിച്ചെന്നായിരുന്നു അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞത്. എന്നാൽ ഇത് വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നീട് മറുപടി നല്‍കി. കേന്ദ്രകാലവാസ്ഥാ നിരീക്ഷണ വകുപ്പ് റെഡ് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത് അപകടംനടന്ന ദിവസമായ ജൂലായ് 30-ന് രാവിലെയാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ രാജ്യസഭയിലെ സിപിഎം എംപിമാരും കോണ്‍ഗ്രസും അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി.