തിരുവനന്തപുരം: ബിരുദ വിദ്യാർഥിനി ജസ്‌നയെ കാണാതായ കേസിൽ സി.ബി.ഐ. സംഘം മോഷണക്കേസ് പ്രതിയെ തിരയുന്നു. ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇയാൾക്ക് നേരിട്ട് അറിവുണ്ടായിരുന്നെന്ന വിവരത്തെത്തുടർന്നാണ് അന്വേഷണം.
കൊല്ലം ജില്ലാജയിലിൽനിന്ന് ശിക്ഷ കഴിഞ്ഞിറങ്ങിയ പത്തനംതിട്ട സ്വദേശിയായ ഇയാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നാലുമാസംമുമ്പ് ഇതേക്കുറിച്ച് വിവരം ലഭിച്ചെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.
പൂജപ്പുര സെൻട്രൽ ജയിലിലെ പോക്സോ തടവുകാരിൽനിന്നാണ് ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട വിവരം സി.ബി.ഐ. സംഘത്തിന് ലഭിക്കുന്നത്. ഇയാൾ നേരത്തേ കൊല്ലം ജയിലിൽ തടവിൽ കഴിഞ്ഞിരുന്നു. ഈ സമയം കൂടെയുണ്ടായുന്ന സഹതടവുകാരനായ മോഷണക്കേസ് പ്രതിയാണ് ജസ്‌നയെക്കുറിച്ച് ഇയാളോട് പറഞ്ഞത്.
പിന്നീട് ജയിൽ മാറി തിരുവനന്തപുരം സെൻട്രൽ ജയിലിൽ എത്തിയ പോക്സോ കേസിലെ പ്രതി ഇക്കാര്യം ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞു. ജയിൽ അധികൃതർ, സി.ബി.ഐ.യെ അറിയിച്ചു. അന്വേഷണസംഘം ജയിലിലെത്തി മൊഴിയെടുത്തു. കൊല്ലം ജയിലിൽനിന്ന് മോചിതനായ മോഷണക്കേസ് പ്രതിയെ കണ്ടെത്താനായില്ല.
2018 മാർച്ച 22-നാണ് കാഞ്ഞിരപ്പള്ളി എസ്.ഡി. കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിനിയായ ജസ്‌നാ മരിയ ജയിംസിനെ എരുമേലിയിൽനിന്ന് കാണതായത്. മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഇറങ്ങിയത്. പോലീസും ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചിരുന്നു.
2021 ഫെബ്രുവരിയിൽ ഹൈക്കോടതിയാണ് കേസ് സി.ബി.ഐ.യ്ക്ക് കൈമാറിയത്. ജസ്‌നയെ കണ്ടെത്താൻ സി.ബി.ഐ. ഇന്റർപോൾവഴി 191 രാജ്യങ്ങളിൽ യെല്ലോ നോട്ടീസ് ഇറക്കിയിരുന്നു. ഏതെങ്കിലും വിദേശരാജ്യങ്ങളിൽ ഉണ്ടെങ്കിൽ കണ്ടെത്തുന്നതിനാണ് നോട്ടീസ് നൽകിയത്. എന്നാൽ ഫലമുണ്ടായിട്ടില്ല. ഇതിനിടെയാണ് തടവുകാരന്റെ വെളിപ്പെടുത്തൽ.