‘ഒരു മാസത്തിനിടെ ഞങ്ങളിലൊരാൾ കൊല്ലപ്പെടും’; ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ആകാശിന്റെ സുഹൃത്ത്

കണ്ണൂര്‍: തില്ലങ്കേരിയില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ വിശദീകരണം നടക്കാനിരിക്കെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി വീണ്ടും ആരോപണങ്ങളുമായി ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുക്കള്‍. ഒരുമാസത്തിനിടെ തങ്ങളിലൊരാള്‍ കൊല്ലപ്പെടുമെന്ന് ജിജോ തില്ലങ്കേരി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പി. ജയരാജനെയടക്കം ഇറക്കി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്ന സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കുകയാണ് ആകാശ് തില്ലങ്കേരിയും സുഹൃത്തുക്കളും.

പ്രശ്‌നപരിഹാരത്തിന് പാര്‍ട്ടി ശ്രമിക്കുമ്പോഴും അത് എളുപ്പമാവില്ല എന്ന സൂചനകളാണ് ആകാശ് തില്ലങ്കേരിയടക്കമുള്ളവരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. ഞങ്ങളിലൊരാള്‍ ഒരു മാസംകൊണ്ട് കൊല്ലപ്പെടുമെന്നായിരുന്നു ജിജോ തില്ലങ്കേരിയുടെ പോസ്റ്റ്.

ഉത്തരവാദി പാര്‍ട്ടിയല്ല. മുതലെടുപ്പ് നടത്തി ലാഭം കൊയ്യാന്‍ രാഷ്ട്രീയ എതിരാളികള്‍, ആര്‍.എസ്.എസും മറ്റും ശ്രമിക്കുന്നുണ്ടെന്ന് തുടങ്ങുന്നതായിരുന്നു പോസ്റ്റ്. കൊലപാതകത്തിന്റെ പാപക്കറ പാര്‍ട്ടിയുടെ മേല്‍ കെട്ടിവെച്ച് വേട്ടയാടരുതെന്ന് മാധ്യമങ്ങളോട് അപേക്ഷിക്കുന്നു എന്നും പോസ്റ്റിലുണ്ടായിരുന്നു. പിന്നീട് 20 മിനിറ്റിനകം പോസ്റ്റ് പിന്‍വലിച്ചു.

ജയപ്രകാശ് തില്ലങ്കേരിയും ഫെയ്‌സ്ബുക്കില്‍ പരസ്യവെല്ലുവിളിയുമായി രംഗത്തെത്തി. രണ്ട് ന്യായവും രണ്ട് രീതിയും നടപ്പിലാക്കുന്ന നാട്ടില്‍ തന്റെ ന്യായവും നീതിയും താന്‍ തന്നെ തിരഞ്ഞെടുക്കുമെന്നായിരുന്നു പോസ്റ്റിലുണ്ടായിുരന്നത്. കഴിഞ്ഞ ദിവസം ആകാശ് ഫെയ്‌സ്ബുക്കില്‍ കുറിച്ച അതേ ധ്വനിയില്‍ അനുയായികളും വാക്കുകള്‍ ആവര്‍ത്തിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News